തിരുവനന്തപുരം∙ ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിനു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണു നിർദേശം നൽകിയത്. ക്രിമിനൽ കേസ് കൂടാതെ വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ജേക്കബ് തോമസ് പുസ്തകം രചിച്ചതു സർവീസ് നിയമങ്ങൾ ലംഘിച്ചാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ 50 പേജുകളിൽ ചട്ടവിരുദ്ധമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ.
അന്വേഷണത്തിലിരിക്കുന്ന പാറ്റൂർ കേസിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതു നിയമവിരുദ്ധമാണ്. ബാർ കേസിൽ മുൻമന്ത്രി കെ.ബാബുവിനെതിരെ പരാമർശങ്ങളും നിയമപരമല്ല. കേസിൽ അന്തിമമായ തീരുമാനം ഉണ്ടായിട്ടില്ലെന്നിരിക്കെയാണു ബാബുവിനെയും മറ്റുള്ളവരെയും പുസ്തകത്തിൽ വിമർശിച്ചിരിക്കുന്നത്. ലോകായുക്ത ഫയൽ പൂഴ്ത്തിയെന്ന പരാമർശം അനുചിതമാണ്.
ത്വരിതാന്വേഷണം നടന്നുകൊണ്ടിരിക്കുന്നതും തെളിവുകൾ ലഭ്യമല്ലാത്തതുമായ വിജിലൻസ് കേസുകളിൽ വിധിന്യായം പോലുള്ള വീശദീകരണമാണു പുസ്തകത്തിൽ നൽകിയിരിക്കുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ 2016 നവംബറിലാണു ജേക്കബ് തോമസ് സർക്കാരിന്റെ അനുമതി തേടിയത്. എന്നാൽ രണ്ടുവട്ടം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ കത്തു നൽകിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകർപ്പ് അദ്ദേഹം ഹാജരാക്കിയില്ല.
വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാർ നിർബന്ധിത അവധിയിൽ വിട്ടപ്പോഴാണു കഴിഞ്ഞ മേയിൽ പുസ്തകപ്രകാശനം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുമെന്നായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി. അനുമതിയില്ലാതെയാണു രചനയെന്നു നളിനി നെറ്റോ നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്.