Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴയ്ക്കു പിന്നില്‍ ‘ഓഖി ചുഴലി’; സുനാമി മുന്നറിയിപ്പ് വ്യാജമെന്ന് അധികൃതർ

Rain Havoc തിരുവനന്തപുരത്തുണ്ടായ മഴക്കെടുതിയിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം∙ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ലഭിക്കുന്ന കനത്ത മഴയ്ക്കു പിന്നില്‍ ഓഖി ചുഴലികാറ്റ്. ‘കണ്ണ്’ എന്ന് അര്‍ഥമുള്ള ബംഗാളി പേരാണ് ഓഖി. തിരുവനന്തപുരത്തുനിന്നു 120 കിലോമീറ്റര്‍ തെക്കു മാറിയാണ് ഇതിന്റെ ശക്തികേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ ലക്ഷദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കേരളത്തിലുള്ളവര്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും കാലാവസ്ഥ നീരീക്ഷണകേന്ദ്രം അധികൃതര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. തമിഴ്നാട്ടില്‍ കടല്‍ ഉള്ളിലേക്കു വലിഞ്ഞെന്നും സുനാമി സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നു ദുരന്ത നിവാരണ അതോറ്റിറ്റി അധികൃതര്‍ അറിയിച്ചു.

ന്യൂനമർദത്തിന്റെ ഫലമായി രൂപപ്പെട്ട, ഒാഖി ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സിവിയർ സൈക്ലോണിക് സ്ട്രോം (എസ്‌സിഎസ്) വിഭാഗത്തിൽപ്പെട്ട ഒാഖി ചുഴലിക്കാറ്റിന്റെ വേഗം 220 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം പറയുന്നു. തിരുവനന്തപുരത്തിനു തെക്കു പടിഞ്ഞാറു മാറി രൂപപ്പെട്ട ന്യൂനമർദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ വടക്കു പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുകയാണ്. കേരള തീരത്തുനിന്നു ന്യൂനമർദം അകന്നു പോവുകയാണെങ്കിലും കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഖലയിലുള്ള തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടാകും. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയുടെയും കാറ്റിന്റെയും ശക്തി കൂടാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലായിരിക്കും കൂടുതല്‍ അനുഭവപ്പെടുക. കടലും പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികളോടു ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

related stories