തൊടുപുഴ∙ കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഇടുക്കി ജില്ലയിലും കനത്തമഴ, വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകൾ തകർന്നു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതി – ടെലിഫോൺ ബന്ധം താറുമാറായി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ പഴയ കെട്ടിടം തകർന്നു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഈ കെട്ടിടം കുട്ടികൾ ഉപയോഗിക്കുന്നതല്ല. പുതിയ ബ്ലോക്ക് വന്നതോടെ കുട്ടികളെ അതിലേക്കു മാറ്റിയിരുന്നു.
വാത്തിക്കുടി പഞ്ചായത്തിൽ മരം വീണു രണ്ടു വീടുകൾ തകർന്നു. അടിമാലിയിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണു, അപകടമില്ല. ഉടുമ്പൻചോല താലൂക്കിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്നു രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.