തിരുവനന്തപുരം ∙ കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ‘ഓഖി’ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ. കാറ്റു ശക്തമായതോടെ കൽപേനി, മിനിക്കോയ് ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭം. തീരത്തു താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. കൽപേനിയിൽ ആറു മീറ്റർ ഉയരത്തിൽ വരെ തിരയുയർന്നിരുന്നു. കവരത്തിയിൽ അഞ്ചു ബോട്ടുകൾ മുങ്ങി. ഹെലിപ്പാഡിലും വെള്ളം കയറി. മിനിക്കോയിയിൽ അടുത്ത ആറു മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗത കൂടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 80 – 100 കിലോമീറ്റർ വേഗത്തിൽ കേരളതീരത്തും വീശുമെന്നാണ് വിലയിരുത്തൽ. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതിനിടെ ഓഖി ചുഴലിക്കാറ്റിനെ ‘അതിശക്ത’ വിഭാഗത്തിലേക്കുമാറ്റി. മിനിക്കോയിക്ക് 110 കിലോ മീറ്റർ ഉത്തരപടിഞ്ഞാറും അമിനി ഡിവിക്ക് 290 കിലോ മീറ്റർ ദക്ഷിണകിഴക്കുമാണ് കാറ്റിന്റെ സഞ്ചാരം.
കേരള തീരത്ത് വീശിയടിച്ച കാറ്റിന്റെ ഇപ്പോഴത്തെ ഗതി ഇങ്ങനെ:
തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കടൽക്ഷോഭവും കരയിടിച്ചിലും തുടരുകയാണ്. കന്യാകുമാരി മുതൽ പൊന്നാനി വരെ കടൽക്ഷോഭം രൂക്ഷമാണ്. തെക്കൻ കേരളത്തിൽ 24 മണിക്കൂർ ജാഗ്രതാ നിർദേശം നൽകി. മധ്യകേരളത്തിലും മഴ തുടരും. ചുഴലിക്കാറ്റ് അടിക്കുമെന്നു വിലയിരുത്തപ്പെടുന്ന ലക്ഷദ്വീപിൽ 48 മണിക്കൂർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഇടവിട്ട് കനത്ത മഴയും കാറ്റും തുടരും. പമ്പയിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
അതേസമയം, പൊന്നാനി തീരത്തും ശക്തമായ തിരയടി തുടരുന്നുണ്ട്. പുലർച്ചെ നാലു മുതൽ തുടങ്ങിയ തിരയടി തീരത്ത് ആശങ്ക ഉയർത്തുന്നുണ്ട്. പാതാറിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ വെള്ളത്തിന്റെ ഇരച്ചുകയറൽ കാരണം മാറ്റൊരിടത്തേക്ക് മാറ്റി കെട്ടി. തീരദേശ പൊലീസും റവന്യൂ വകുപ്പും ഫിഷറീസ് വകുപ്പുo തീരം നിരീക്ഷിക്കുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ആറ് അടി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 16,022 ഘനയടിയാണ്. ഇത്രയേറെ വെള്ളം ഒഴകിയെത്തുന്നത് അപൂർവ്വ സംഭവം. ജലനിരപ്പ് 121.7 അടിയിൽ നിന്ന് 127.9 അടിയായി.
രക്ഷാപ്രവർത്തനം മന്ദഗതിയിൽ
കനത്ത മഴയും കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. നിലവിൽ നാവികസേനയുടെ കപ്പലുകളും കോസ്റ്റ് ഗാർഡും മാത്രമാണ് രക്ഷാപ്രവർത്തനത്തിനായുള്ളത്. അതേസമയം, കടലിൽ ഒഴുകി നടക്കുകയാണ് മൽസ്യബന്ധന ബോട്ടുകളും വള്ളങ്ങളും. രാവിലെ തിരുവനന്തപുരം സെന്റ് ആന്റണീസ് കടൽത്തീരത്ത് കുളച്ചിലിൽനിന്നുള്ള ബോട്ട് വന്നുചേർന്നിരുന്നു. ജീവനക്കാരെല്ലാം നീന്തി രക്ഷപെട്ട ബോട്ടിയിരുന്നു ഇത്. കൂടാതെ ജീവനക്കാരുമായും അല്ലാതെയും വിവിധ ബോട്ടുകൾ കടലിൽ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശബരിമല തീർത്ഥാടകർ ജാഗ്രത പാലിക്കണം
മഴ മൂലം ശബരിമലയിൽ തീർഥാടകരുടെ തിരക്കു കുറവാണ്. നിലവിൽ തീർഥാടകർക്കു നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല. നിലയ്ക്കൽനിന്ന് കോൺവോയ് അടിസ്ഥാനത്തിലാണു പമ്പയിലേക്കു വാഹനങ്ങൾ വിട്ടത്. പമ്പാ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കാനന പാതകളിലൂടെയുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
സൂനാമി സാധ്യതയില്ല
കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ തീരത്ത് സൂനാമി ഉണ്ടാകാൻ നിലവിൽ ഒരു സാധ്യതയുമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സൂനാമി ഉണ്ടായേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപിൽ മൂന്നു ദിവസത്തേക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.