സ്പെയിനും പോർച്ചുഗലും ഒരു ഗ്രൂപ്പിൽ; ആശ്വാസത്തോടെ ബ്രസീൽ, അർജന്റീന

2018 ലോകകപ്പിന്റെ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന അർജന്റീന മുൻതാരം ഡീഗോ മറഡോണ. മുൻ ബ്രസീൽ താരം കഫു സമീപം.

മോസ്കോ ∙ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് 2018 റഷ്യൻ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് മോസ്കോയിൽ പൂർത്തിയായി. നിലവിലെ ചാംപ്യൻമാരായ ജർമനി മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എഫിൽ ഉൾപ്പെട്ടപ്പോൾ പോർച്ചുഗലും സ്പെയിനും ഗ്രൂപ്പ് ബിയിൽ ഒരുമിച്ചെത്തി. ഇറാൻ മൊറോക്കോ എന്നിവയാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകൾ. സ്വിറ്റ്സർലൻഡ്, കോസ്റ്ററിക്ക, സെർബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലിന്റെ സ്ഥാനം. ഐസ്‌ലൻഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകൾക്കൊപ്പം അർജന്റീന ഗ്രൂപ്പ് ഡിയിലാണുള്ളത്.

ഗ്രൂപ്പുകൾ ഇങ്ങനെ:

∙ ഗ്രൂപ്പ് എ

റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറഗ്വായ്

∙ ഗ്രൂപ്പ് ബി

പോർച്ചുഗൽ, സ്പെയിൻ, ഇറാൻ, മൊറോക്കോ

∙ ഗ്രൂപ്പ് സി

ഫ്രാൻസ്, ഓസ്ട്രേലിയ, പെറു, ഡെൻമാർക്ക്

∙ ഗ്രൂപ്പ് ഡി

അർജന്റീന, ഐസ്‌ലൻഡ്, ക്രൊയേഷ്യ, നൈജീരിയ

∙ ഗ്രൂപ്പ് ഇ

ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്ററിക്ക, സെർബിയ

∙ ഗ്രൂപ്പ് എഫ്

ജർമനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ

∙ ഗ്രൂപ്പ് ജി

ബെൽജിയം, പാനമ, ടുണീസിയ, ഇംഗ്ലണ്ട്

∙ ഗ്രൂപ്പ് എച്ച്

പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ

മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിൻ കൊട്ടാരത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും റഷ്യൻ ടിവി അവതാരക മരിയ കൊമാൻഡനായയുമായിരുന്നു പരിപാടിയുടെ മുഖ്യ അവതാരകർ. മുൻകാല ലോകകപ്പ് ജേതാക്കളായ ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോർലാൻ തുടങ്ങിയവർ നറുക്കെടുപ്പിൽ‍ ഇവരെ സഹായിക്കാനെത്തി.

2018 ജൂൺ 14ന് മോസ്കോയിലെ ലുഷ്നികി സ്റ്റേ‍ഡിയത്തിലാണ് ലോകകപ്പിനു കിക്കോഫ്. രണ്ടാഴ്ചയോളം നീളുന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ജൂൺ 30ന് നോക്കൗട്ട് മൽസരങ്ങൾക്കു തുടക്കമാകും. ജൂലൈ 10–11 സെമിഫൈനലുകൾ. 14ന് മൂന്നാം സ്ഥാന മൽസരം. 15ന് ലുഷ്നികി സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനൽ.