ലക്നൗ∙ ഉത്തർപ്രദേശിലെ നിർണായകമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയമുറപ്പിച്ചു. അഭിമാന പോരാട്ടമായിരുന്ന അയോധ്യയിലും വരാണാസിയിലും ബിജെപിക്കാണ് ജയം. ആദ്യമണിക്കൂറില്‍ ആറു കോര്‍പ്പറേഷനുകളില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിഎസ്പിയുടെ കുതിപ്പ് അലഹാബാദിലും ത്സാന്‍സിയിലുമായി ഒതുങ്ങി. അതിനിടെ, മുസഫില്‍നഗറില്‍ ബിഎസ്പി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
∙ അലിഗഢ്, മോറാദാബാദ്, ഗോരഖ്പൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കു വ്യക്തമായ ആധിപത്യം.
∙ 652 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പ്. യോഗി ആദിത്യനാഥിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പിന്‍റെ ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപാടും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃപാടവവുമാണ് ഉത്തർ പ്രദേശിലെ വൻവിജയത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നൂറുശതമാനം വിജയം നേടുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.
മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണവും ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. നവംബർ 22, 26, 29 തീയതികളിലായിരുന്നു വോട്ടെടുപ്പ്. ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലുള്ള 334 കേന്ദ്രങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിന് ശക്തമായ സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സിസിടിവി വഴി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്.
ഏഴുമാസം മാത്രം പ്രായമുള്ള യോഗി സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാകും ഫലം. അതുകൊണ്ടുതന്നെ വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് ബിജെപി പയറ്റിയത്. ഓരോ വാര്‍ഡിലും 50 പേരടങ്ങുന്ന മുഴുവന്‍സമയ പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ മുഴുകി. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ഹെലികോപ്റ്ററില്‍ എല്ലായിടത്തുമെത്തി പ്രചാരണം കൊഴുപ്പിച്ചു.
ഗോരഖ്പൂരിലെ ബിആർഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവും സര്‍ക്കാരിന്‍റെ നയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രചാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനായി സമാജ്‌വാദി പാര്‍ട്ടിയും നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകമാണ്.