സ്വന്തമായി കാറുള്ളവരുടെ പാചകവാതക സബ്സിഡി ഒഴിവാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ സ്വന്തമായി കാറുള്ളവരെ പാചകവാതക സബ്സിഡി പട്ടികയിൽനിന്ന് ഒഴിവാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സബ്സിഡി നേരിട്ട് അക്കൗണ്ടിലേക്കു കൈമാറുന്നതിലൂടെ (ഡിബിടി) 36 ദശലക്ഷം വ്യാജ എൽപിജി കണ‍ക്‌ഷനുകൾ ഒഴിവാക്കാനായെന്നും 30,000 കോടി രൂപ ലാഭിക്കാനായെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതുപോലെ കാർ സ്വന്തമായുള്ളവരെ കണ്ടെത്തി അവരെ സബ്സിഡി ലിസ്റ്റിൽ നിന്നൊഴിവാക്കി വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

കാറുള്ളവരുടെ പട്ടിക രാജ്യമാകെയുള്ള ആർടി ഓഫീസുകളിൽനിന്ന് ശേഖരിക്കുന്നുണ്ട്. രണ്ടും മൂന്നും കാറുള്ളവരും സബ്സിഡി വാങ്ങുന്നെന്നാണ് വിലയിരുത്തൽ. വാർഷിക വരുമാനം 10 ലക്ഷമുള്ളവരെ സബ്സിഡിയിൽ നിന്ന് കഴിഞ്ഞവർഷം പുറത്താക്കിയിരുന്നു. ഗിവ്ഇറ്റ്അപ് ക്യാംപെയ്ൻ, ഡിബിടിഎൽ, ആധാറുമായി ബന്ധിപ്പിക്കൽ തുടങ്ങിയവയ്ക്കു ശേഷമാണ് കാറുകാരെ തേടി സർക്കാർ ഇറങ്ങുന്നത്.

വ്യജമോ അനർഹമോ ആയ 75 ദശലക്ഷം എൽപിജി കണക്‌ഷനുകൾ ഇതുവരെ നീക്കാനായെന്നാണു സർക്കാർ‌ കണക്ക്. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം 31.6 ദശലക്ഷം ബിപിഎൽ ഉപഭോക്താക്കൾക്കു പുതുതായി പാചകവാതകം ലഭ്യമാക്കുകയും ചെയ്തു. നവംബറിലെ കണക്കനുസരിച്ച് രാജ്യത്ത് 251.1 ദശലക്ഷം ഗാർഹിക പാചകവാതക ഉപഭോക്താക്കളാണുള്ളത്. ആഗോളവിപണയിലെ വിലവർധന കാരണം ഈ സാമ്പത്തിക വർഷം 15,000 കോടി രൂപ (പ്രതീക്ഷിച്ചത് 13,000 കോടി) സബ്സിഡിക്കായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.