ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ഒരേസമയം ഒരേ സ്ഥാനാർഥി തന്നെ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത ഹർജിയിൽ വിശദീകരണം തേടി കോടതി. അറ്റോർണി ജനറലിനും തിരഞ്ഞെടുപ്പു കമ്മിഷനും ഹർജിയുടെ പകര്‍പ്പു അയച്ചു കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നിർദേശം.
അഭിഭാഷകനായ അശ്വിനികുമാർ ഉപാധ്യായയാണ് ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി നൽകിയത്. രണ്ടിടങ്ങളിൽ ഒരേ സ്ഥാനാർഥി ഒരേ സമയം മത്സരിക്കുന്നതു തടയാൻ കേന്ദ്രവും തിരഞ്ഞെടുപ്പു കമ്മിഷനും നടപടിയെടുക്കണമെന്നാണു ഹർജിയിലെ ആവശ്യം. 2004ൽ ഇതുസംബന്ധിച്ച ആക്ടിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇലക്‌ഷൻ കമ്മിഷനും ഭരണഘടന സംബന്ധിച്ചു വിലയിരുത്തൽ നടത്താൻ രൂപീകരിച്ച ദേശീയ കമ്മിഷനും ശുപാർശ ചെയ്ത പ്രകാരം പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നതു നിരുത്സാഹപ്പെടുത്താൻ നടപടികളെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഡമ്മി സ്ഥാനാർഥികളായും പാർട്ടി വിമതരായും പാർട്ടി ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിലുമാണ് പല സ്വതന്ത്രസ്ഥാനാർഥികളും മത്സരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
പ്രധാന നേതാവിന്റെ വിജയം ഉറപ്പിക്കുന്നതിനു വേണ്ടി വർഷങ്ങളായി പാർട്ടികൾ പിന്തുടരുന്ന രീതിയാണ് രണ്ടിടങ്ങളിൽ മത്സരിക്കൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഗുജറാത്തിലെ വഡോദരയിലും ഉത്തർപ്രദേശിലെ വാരണസിയിലും. രണ്ടിടത്തും ജയിച്ചതോടെ വഡോദര അദ്ദേഹം ഒഴിവാക്കി. അങ്ങനെ ഒഴിവു വരുന്നയിടങ്ങളിൽ ഉപതിരഞ്ഞെടുപ്പാണു പതിവ്. ഇതിനു വരുന്ന വൻചെലവു കൂടി ഒഴിവാക്കാനാണ് ഹർജിയിലൂടെ ലക്ഷ്യമിടുന്നത്.