പനിനീർപൂക്കളിൽ ‘വിരുഷ്ക’ ഒന്നായി; ചിത്രം വിരുന്നായി

അനുഷ്ക ശർമ ട്വീറ്റു ചെയ്ത വിവാഹ ചിത്രം. കടപ്പാട്: ട്വിറ്റർ

മിലാൻ∙ ഒരു സ്ട്രെയിറ്റ് ഡ്രൈവ് പോലെ സത്യസന്ധമാണ് തന്റെ പ്രണയമെന്ന് ഒടുവിൽ വിരാട് കോഹ്‍ലി വ്യക്തമാക്കി. ബോളിവുഡിന്റെ പ്രിയനടിയും കാമുകിയുമായ അനുഷ്ക ശർമയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോ‍‌ഹ്‌ലി താലിചാർത്തിയത് ഇറ്റലിയിലെ മിലാനിലെ സുഖവാസ കേന്ദ്രമായ ടസ്കനിൽ . 2013 ൽ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തിൽ ഒന്നിച്ചഭിനയിക്കുമ്പോൾ മൊട്ടിട്ട ക്രിക്കറ്റ്–ബോളിവുഡ് പ്രണയകഥയാണ് മിലാനിൽ വിവാഹത്തിൽ പൂത്തുലയുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നാണ് ടസ്കൻ. ഇവിടെ ബോർഗോ ഫിനോച്ചിയോ റിസോർട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം.

നാലു വർഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്‍ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കോഹ്‍ലി രാത്രി ഒൻപതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. ‘‘ എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച് ’’ – പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‍ലിയെ വിടർന്ന റോസാപ്പൂക്കൾ കോർത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി.

വിരാട് കോഹ്‌ലി ട്വീറ്റു ചെയ്ത വിവാഹ ചിത്രം. കടപ്പാട്: ട്വിറ്റർ

‘വിരുഷ്ക ’ എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങൾ ചിത്രം റീട്വീറ്റ് ചെയ്തു. വിരാട് ട്വിറ്ററിൽ പങ്കുവച്ച ചിത്രം അരമണിക്കൂറിനുള്ളിൽ 69000 പേർ ലൈക്ക് ചെയ്തു. ഗോൾഡൻ കുന്ദൻ ജ്വല്ലറി മാലകളും പരമ്പരാഗത എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ലഹങ്കയുമാണ് അനുഷ്ക അണിഞ്ഞത്. ബ്രൈഡൽ ഷെർവാണിയും തലപ്പാവുമണിഞ്ഞാണ് കോ‍ഹ്‍ലി വന്നത്.

അനുഷ്ക മാതാപിതാക്കൾക്കും സഹോദരനുമൊപ്പം മുംബൈയി‍ൽ നിന്ന് സ്വിറ്റ്സർലൻഡ് വഴിയാണ് ഇറ്റലിക്കു പോയത്. ഇവർക്കൊപ്പം ഒരു പുരോഹിതനുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയായ അനുഷ്ക വളർന്നത് ബെംഗളൂരുവിലാണ്. ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ റബ് നെ ബനാ ദി ജോഡിയാണ് അനുഷ്കയുടെ ആദ്യ ചിത്രം. ആമിർഖാന്റെ കൂടെ പീകെയും സൽമാനൊപ്പം സുൽത്താനും സൂപ്പർഹിറ്റായതോടെ ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളായി അനുഷ്ക വളർന്നു.

കേണൽ അജയ്കുമാർ ശർമയുടെയും അഷിമ ശർമയുടെയും മകളായ അനുഷ്ക ആർമി സ്കൂളിലും ബാംഗ്ലൂർ മൗണ്ട് കാർമൽ കോളജിലുമാണ് പഠിച്ചത്.

2008 ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് വിരാട് ദേശീയ ശ്രദ്ധ നേടുന്നത്.ഡൽഹി ഉത്തം നഗർ സ്വദേശി. പരേതനായ അഭിഭാഷകൻ പ്രേംകോഹ്‍ലിയുടെയും സരോജയുടെയും മകനാണ്.