മുംബൈ∙ കാറിൽ നിന്നു റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ തടഞ്ഞു നിർത്തി ‘ശാസിച്ച്’ ബോളിവുഡ് താരം അനുഷ്ക ശര്‍മ. ഇതിന്റെ വിഡിയോ പുറത്തുവിട്ട് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി. ഒട്ടേറെ പേരാണു താര ദമ്പതികളുടെ നീക്കത്തിനെ അനുമോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിരാടാണ് ഇതു സംബന്ധിച്ച വിഡിയോ ട്വീറ്റ് ചെയ്തത്. സമീപത്തു കൂടി പോകുന്ന കാർ തടഞ്ഞ് അനുഷ്ക ചോദ്യം ചെയ്യുന്നതാണു ദൃശ്യങ്ങളിൽ. എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാൻ പാടില്ല. ഇത്തരം ഘട്ടങ്ങളിൽ ശ്രദ്ധ വേണം. മാലിന്യം കളയാൻ ചവറ്റുകുട്ട ഉപയോഗിക്കണമെന്നും 17 സെക്കൻഡുള്ള വിഡിയോയിൽ അനുഷ്ക പറയുന്നു.
യാത്രയ്ക്കിടയിലാണ് ഇവരെ കണ്ടതെന്നും ഇടയ്ക്ക് വാഹനം നിർത്തിയപ്പോൾ സംസാരിക്കാൻ അവസരം കിട്ടിയെന്നും കോഹ്‌ലി പറയുന്നു. ‘ലക്ഷ്വറി കാറിൽ യാത്ര ചെയ്താണ് ഇത്തരം പ്രവർത്തനങ്ങൾ. ഇവരുടെ ചിന്താശേഷി ഇല്ലാതായോ? ഇവരാണോ രാജ്യത്തെ ശുചീകരിക്കുന്നത്? ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നതു കണ്ടാൽ ചോദ്യം ചെയ്യണം. ഇത്തരക്കാർക്കു മാലിന്യ നിർമാർജനത്തെപ്പറ്റി അവബോധം നൽകണം’– കോഹ്‌ലി ട്വീറ്റ് ചെയ്തു.
പലരും ഇത്തരം കാഴ്ചകൾ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോഹ്‌ലി പറഞ്ഞു.