Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് പരാമർശം: മോദി മാപ്പു പറയണമെന്ന് പ്രതിപക്ഷം; രാജ്യസഭ സ്തംഭിച്ചു

Rajyasabha രാജ്യസഭയിൽ നിന്നുള്ള കാഴ്ച. (വിഡിയോ ദൃശ്യം)

ന്യൂഡൽഹി∙ മൻമോഹൻ സിങ്ങിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭ സ്തംഭിച്ചു. ഉച്ചയ്ക്ക് രണ്ടര വരെ നിർത്തിവച്ചിരുന്ന സഭ പുനഃരാരംഭിച്ചപ്പോഴായിരുന്നു കോൺഗ്രസ് പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മൻമോഹൻ സിങ് പദ്ധതിയിട്ടുവെന്ന ആരോപണം പിൻവലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതു തള്ളിയതിനെത്തുടർന്നായിരുന്നു പ്രതിഷേധം.

മോദിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും തങ്ങൾ നല്‍കിയ നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നടപടി ശരിയായില്ലെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ജനതാദൾ(യു) നേതാവ് ശരത് യാദവിനും അലി അൻവർ അൻസാരിക്കും അയോഗ്യത കൽപിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. കോൺഗ്രസും ആർ‌ജെഡിയുമൊത്തുള്ള ബന്ധം ഉപേക്ഷിച്ച ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനെയാണ് അയോഗ്യനാക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

രാജ്യസഭയുടെ 10 മുൻ അംഗങ്ങളുടെ വിയോഗത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ശീതകാല സമ്മേളനത്തിനു തുടക്കം കുറിച്ചത്. ശേഷം പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി സഭയ്ക്കു പരിചയപ്പെടുത്തി. ശൂന്യവേളയിലാണ് എസ്പിയുടെ നരേഷ് അഗർവാൾ ശരത് യാദവിന്റെ അയോഗ്യതാ വിഷയം മുന്നോട്ടുവച്ചത്. ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതോടെ പ്രതിഷേധം ആരംഭിക്കുകയാരുന്നു.

വിഷയത്തിൽ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു. തമിഴ്നാട്ടിലെ ഓഖി ചുഴലിക്കാറ്റ് വിഷയം അവതരിപ്പിക്കാൻ അണ്ണാഡിഎംകെയുടെ നവനീത് കൃഷ്ണന് അധ്യക്ഷൻ അനുമതി നൽകിയതോടെ സഭ ബഹളമയമാവുകയായിരുന്നു. തുടർന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളോട് ‘ആദ്യ ദിവസം തന്നെ ഇത് വേണോ?’ എന്നു ചോദിച്ച് വിമർശിച്ച അധ്യക്ഷൻ സഭ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

Ghulam Nabi Azad രാജ്യസഭയിൽ സംസാരിക്കുന്ന പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്

20 മിനിറ്റു നേരം സഭ നിർത്തി വച്ച് വീണ്ടും ചേർന്നെങ്കിലും മോദിയുടെ പാക്ക് പരാമർശം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കി. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് പ്രശ്നം സഭയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ 2.30 വരെ സഭ നിർത്തിവച്ചു. പിന്നീടും ബഹളമായതോടെ സഭ പിരിയുകയായിരുന്നു.

ദേഹവിയോഗം സംഭവിച്ച മുൻ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലോക്സഭ രാവിലെ പിരിഞ്ഞിരുന്നു. ഇനി തിങ്കളാഴ്ച ചേരും.

related stories