പെരുമ്പാവൂർ കൊലക്കേസ്: നിർണായക വിവരം നൽകിയത് ഒരു പൊലീസുകാരൻ

നിയമവിദ്യാർഥിനി കൊല്ലപ്പെട്ട വീട്. കേസിൽ നിർണായക തെളിവായി മാറിയ ചെരുപ്പാണ് ഇൻസെറ്റിൽ.

കണ്ണൂർ ∙ സമീപകാലത്ത് കേരള പൊലീസിനെ വലച്ച ഏറ്റവും പ്രമാദമായ കേസുകളിലൊന്നായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം. വിമർശനശരങ്ങൾക്കു മധ്യേനിന്ന് രാവും പകലുമില്ലാതെ പൊലീസുകാരും ഓഫിസർമാരും നടത്തിയ കൂട്ടായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അതിനേക്കാളേറെ, സാഹചര്യത്തെളിവുകൾ പ്രതിസ്ഥാനത്തു നിർത്തുമായിരുന്ന പലരെയും രക്ഷിച്ചതും ഇവരുടെ കൂട്ടായ ശ്രമം തന്നെ. പൊലീസ് പ്രതിയിലേക്കെത്തിയ ദുർഘട വഴികൾ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ചില ഉദ്യോഗസ്ഥർ തന്നെ, പേരുവെളിപ്പെടുത്താതെ പങ്കുവയ്ക്കുന്നു:

രേഖാചിത്രം സൃഷ്ടിച്ച പൊല്ലാപ്പ്

പൊലീസ് അന്വേഷണത്തിൽ പതിവുള്ള രേഖാചിത്രവും നിയമവിദ്യാർഥിനിയുടെ കേസിലുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് അധികം അകലെയല്ലാത്ത പഴയ തറവാട് രൂപം മാറ്റിയ റിസോർട്ടിൽ താമസത്തിനെത്തിയ യുവാക്കളിലൊരാൾ, ഒരാൾ ഇറങ്ങിയോടുന്നതു കണ്ടതായി പൊലീസിനോടു പറഞ്ഞു. ഇയാളുടെ രേഖാചിത്രം വരയ്ക്കാനുള്ള ശ്രമമായി പിന്നീട്. രേഖാചിത്രം പുറത്തു വന്നതോടെ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നയാൾക്കടക്കമുണ്ടായ ബുദ്ധിമുട്ട് ചില്ലറയല്ല.

പാതയോരത്തെ ബാഗും കത്തികളും

തിരഞ്ഞെടുപ്പു കാലമായതിനാൽ, വ്യാപകമായി വാഹനങ്ങൾ പരിശോധിച്ചു. അവയുടെയെല്ലാം വിഡിയോ റെക്കോഡ് ചെയ്തു. ഇതിനിടെ, മറ്റൊരു വിവരമെത്തി. കിലോമീറ്ററുകൾക്കപ്പുറത്തുള്ള പട്ടിമറ്റം എന്ന സ്ഥലത്ത് ഒരു ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടതായും ബാഗിൽ ചുവപ്പു നിറം പുരണ്ട കത്തികൾ ഉള്ളതായും പൊലീസ് സറ്റേഷനിൽ ആരോ വിളിച്ചു പറഞ്ഞു. പക്ഷേ, പൊലീസ് അതു ഗൗനിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു പോയപ്പോൾ ബാഗ് അപ്രത്യക്ഷമായി. അതോടെ, സ്ഥലത്തെയും പരിസരത്തെയും മൊബൈൽ ടവറുകളിലെ ഫോൺ കോളുകൾ മുഴുവൻ പൊലീസ് പരിശോധിച്ചു. ആറ് കളവു കേസുകളിലും രണ്ട് ലഹരിമരുന്നു കേസുകളിലും പ്രതിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധിച്ചപ്പോൾ ദേഹത്തു മുറിവുകളുടെ പാട്.

ഒരു വർഷം മുൻപത്തെ മുറിവാണെന്നു കസ്റ്റഡിയിലുള്ളയാൾ. രണ്ടോ മൂന്നോ ആഴ്ചയേ പഴക്കമുള്ളു എന്നു പരിശോധിച്ച ഡോക്ടർ. സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയ ചെരിപ്പിനോടു സാമ്യമുള്ള ചെരിപ്പ് ഇയാൾ വാങ്ങിക്കൊണ്ടു പോയതാണെന്ന കടയുടമയുടെ മൊഴിയും പൊലീസിനെ കുഴക്കി. സംശയം മുറുകുന്നതിനിടെ, ബാഗിന്റെ യഥാർഥ ഉടമയെത്തി. എസ്റ്റേറ്റിൽ ജോലിക്കാരനായ ഒരാളുടേതായിരുന്നു ബാഗും കത്തികളും. ബൈക്കിൽ പോകുന്നതിനിടെ വീണു പോയതാണ്. രണ്ടു ദിവസം കഴിഞ്ഞു തിരഞ്ഞപ്പോൾ കണ്ടുകിട്ടുകയും വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തതാണ്. ഡിഎൻഎ പരിശോധനയും നെഗറ്റീവായി. വീണ്ടും പൊലീസിനു മുന്നിൽ ശൂന്യത.

അക്രമാസക്തമായ ലൈംഗികാസക്തിയുള്ളവരിലേക്ക്

ഇതുപോലുള്ള, തെളിയാതെ പോയ കേസുകളിലെ വിശദാംശങ്ങളും സൈക്കോപാത്തുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. പഴയ കേസുകളിൽ സംശയത്തിന്റെ നിഴലിലുള്ളവരുടെ ഫോൺ നമ്പറുകൾ വച്ചും പരിശോധന നടത്തി. എറണാകുളത്ത് ഒട്ടേറെ മാനഭംഗ കേസുകളിൽ പ്രതിയായ ആളെയും ചോദ്യം ചെയ്തു. ഒന്നും ഫലവത്തായില്ല. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത 21 പേരുടെയും ഡിഎൻഎ സാംപിളുകൾ പ്രതിയുടെ ഡിഎൻഎയുമായി യോജിച്ചില്ല.

പരിശോധിച്ചത് 21 ലക്ഷം ഫോൺ കോളുകൾ

പ്രതിയുടെ ഫോൺ, മൊബൈൽ ടവറിൽ രേഖപ്പെടുത്തിയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പൊലീസ് സ്ഥലത്തെയും പരിസരത്തെയും ടവറുകളിലെ മുഴുവൻ ഡേറ്റയും ശേഖരിച്ചു തുടങ്ങി. 21 ലക്ഷം എൻട്രികളാണു പൊലീസിനു ലഭിച്ചത്.എല്ലാ മൊബൈൽ സർവീസ് ഏജൻസികൾക്കും നിർദേശം നൽകി. വിദ്യാർഥിനിയുടെ നൂറോളം ഫോൺ കോൺടാക്ടുകളും പരിശോധിച്ചു. സംഭവത്തിനു മുൻപു സ്ഥലത്തെ ടവറിന്റെ പരിധിയിലുണ്ടായിരുന്നവരുടെയും പിന്നീട് വരാതെ പോയവരുടെയും നമ്പറുകളും പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ നിന്നു പ്രതിയുടെ ഫോൺ നമ്പർ കണ്ടെത്താൻ പൊലീസ് പരിശോധിച്ചത് 34 വ്യത്യസ്ത രീതികളിൽ.

ഇതിൽ പലതിലും മിക്കവാറും വന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ നമ്പറുകൾ. അതിനും കാരണമുണ്ടായിരുന്നു. പെരുമ്പാവൂരിലും പരിസരത്തുമായി നാലു ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികളുണ്ടെന്നു പൊലീസ് കണ്ടെത്തി. തുടർന്ന്, അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച്, കാര്യങ്ങൾ അവരെ ഹിന്ദിയിൽ പറഞ്ഞു ബോധ്യപ്പെടുത്തി.ആയിരത്തോളം പേരാണു പങ്കെടുത്തത്. എന്നിട്ടും നിർണായക വിവരം പൊലീസിനെ തേടിയെത്തിയില്ല. ഇതിനിടെ, വിദ്യാർഥിനിയുടെ സഹോദരിയുടെ ഫോൺ കോൺടാക്ടുകളും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.

നിർണായക വിവരം നൽകിയത് ഒരു പൊലീസുകാരൻ

പുറത്തു ശക്തമായ രാഷ്ട്രീയ സമ്മർദവും ചർച്ചകളും വിവാദങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ടായിരുന്നു. അനാവശ്യമായ വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവി കൊടുക്കേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. തിരിച്ചും മറിച്ചും ഫോൺ കോളുകൾ പരിശോധിക്കുന്നതിനിടെയാണ്, അന്വേഷണ സംഘത്തിനു മുന്നിലേക്ക് ഒരു പൊലീസുകാരൻ നിർണായക വിവരവുമായെത്തിയത്.

രണ്ടു മാസം മുൻപ് ഒരു ദിവസം വൈകിട്ട് താനൊരാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതായി പൊലീസുകാരൻ പറഞ്ഞു. അയാളോടു സംസാരിക്കാൻ തുനിഞ്ഞെങ്കിലും അയാൾ ഏറെ നേരം ഫോണിൽ തന്നെയായിരുന്നതിനാൽ അതിനു പറ്റിയില്ലെന്നും അന്യസംസ്ഥാന തൊഴിലാളിയായാണു തോന്നിയതെന്നും പൊലീസുകാരൻ പറഞ്ഞു. ഇയാളെ കണ്ട സ്ഥലം, കൊലപാതകം നടന്ന സ്ഥലത്തു നിന്ന് കുറച്ചു ദൂരെയാണ്. എങ്കിലും പൊലീസ് ഫോൺ രേഖകൾ പരിശോധിച്ചു തുടങ്ങി. കണ്ട തീയതിയും സമയവും സംസാരത്തിന്റെ ദൈർഘ്യവുമൊക്കെ വച്ച് ഡേറ്റ പരിശോധിച്ചപ്പോൾ ഒരേയൊരു ഫോൺ നമ്പറിൽ എത്തി നിന്നു. ആ നമ്പർ കൊലപാതകം നടന്ന സമയത്ത്, ടവറിന്റെ കീഴിലുണ്ടായിരുന്നുവെന്നും വ്യക്തമായി. പക്ഷേ, അത് സ്ഥലത്തു തന്നെയുണ്ട്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാനല്ലേ സാധ്യത എന്നായി അന്വേഷണ സംഘത്തിലെ ചിലർ.

ഉടൻ, മൊബൈലിന്റെ ഐഎംഇഐ നമ്പർ വച്ചു പരിശോധന നടത്തിയപ്പോൾ ആദ്യ സൂചന കിട്ടി. നമ്പർ പഴയതാണെങ്കിലും മൊബൈൽ മാറിയിരിക്കുന്നു. പഴയ മൊബൈലിൽ പുതിയ സിംകാർഡിട്ടതായും ഇത് അസമിലെത്തി നിൽക്കുന്നതായും വ്യക്തമായി. പഴയ സിം കാർഡ് ഉപയോഗിക്കുന്നയാളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമീറുൽ ഇസ്‌ളാമിനെ പറ്റി പൊലീസിന് ആദ്യം വിവരം ലഭിച്ചത്. അമീറുൽ സ്ഥലത്തില്ലെന്നു മാത്രമേ ഇയാൾക്കറിയാമായിരുന്നുള്ളു. ഇതിനിടെ, മറ്റൊരു നിർണായക തെളിവു കൂടി പൊലീസിനു ലഭിച്ചു. അത്, സമൂഹമാധ്യമങ്ങൾ ട്രോളിയ ചെരുപ്പിലൂടെയായിരുന്നു.

ട്രോളിയ ചെരിപ്പ് നിർണായക തുമ്പായി

സംഭവ സ്ഥലത്തു നിന്നു കിട്ടിയ ചെരിപ്പ് വിദ്യാർഥിനിയുടെ വീടിനു പുറത്തു കെട്ടിത്തൂക്കിയതും സമൂഹമാധ്യമങ്ങൾ വിവാദമാക്കിയിരുന്നു. പക്ഷേ, ആ ചെരിപ്പ് പിന്നീട് നിർണായകമായ വിവരം ലഭിക്കാൻ പൊലീസിനെ സഹായിച്ചു. വിദ്യാർഥിനിയുടെ ചോരയുടെ അംശം ചെരിപ്പിൽ നിനനു നേരത്തെ തന്നെ ലഭിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം നടന്ന് രണ്ടു ദിവസത്തിനു ശേഷം, തന്റെ മുറിയിലുണ്ടായിരുന്ന അമീറുൽ ഇസ്‌ലാമിന്റേതാണു ചെരിപ്പെന്ന് ഒരു അന്യസംസ്ഥാന തൊഴിലാളി അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരനോടു പറഞ്ഞു. രണ്ടിടത്തു നിന്നും ഒരേ പേര് വന്നതോടെ, അന്വേഷണ സംഘത്തിനു പ്രതീക്ഷയായി.

പക്ഷേ, അസമിലെത്തി നിന്ന അമീറുളിന്റെ ഫോൺ അപ്പോഴേക്കും നിശ്ചലമായി. പിന്നീട് ആ മൊബൈൽ പ്രവർത്തിച്ചതേയില്ല. എവിടെച്ചെന്ന് അന്വേഷിക്കുമെന്നു പൊലീസ് സംഘം തലപുകയ്ക്കുന്നതിനിടെ ഫോൺ തഞ്ചാവൂരിൽ വീണ്ടും പ്രവർത്തനക്ഷമമായി. പൊലീസ് സംഘം ഇയാളെ തഞ്ചാവൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. അപ്പോഴും പൊലീസിനു നേരിയ പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളു. കാരണം, 21 പേർ ഇതിനകം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിസ്ഥാനത്തു വന്നിരുന്നു. പക്ഷേ, ഡിഎൻഎ സാംപിളുകൾ യോജിച്ചതോടെയാണ് അവർക്കു ശ്വാസം നേരെ വീണത്. കൂട്ടുകാരുടെ മൊഴികളും ഡിഎൻഎ തെളിവുകളുമൊക്കെ നിരത്തി ശാസ്ത്രീയമായ ചോദ്യം ചെയ്തതോടെ, അമീറുളിനു മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

ഒന്നര മാസത്തിലധികം നീണ്ട അന്വേഷണം, ഉറക്കമില്ലാത്ത രാത്രികൾ

രാവും പകലുമില്ലാതെ പൊലീസുകാരും ഓഫിസർമാരും നടത്തിയ കൂട്ടായ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്, അതിനേക്കാളേറെ, സാഹചര്യത്തെളിവുകൾ പ്രതിസ്ഥാനത്തു നിർത്തുമായിരുന്ന പലരെയും രക്ഷിച്ചത്. ഡിവൈഎസ്പിമാരായ ജിജിമോൻ, പി.പി.സദാനന്ദൻ, ബിജോ അലക്സാണ്ടർ, സോജൻ, ശശികുമാർ, സുദർശൻ എന്നിവരുടെയും സൈബർ വിദഗ്ധനും തലശേരി സ്വദേശിയുമായ പൊലീസുകാരൻ മനോജിന്റെയും സംഭാവനകൾ അന്വേഷണത്തിൽ നിർണായകമായി.

വിവാദങ്ങൾക്കു മറുപടി

സംഭവ സ്ഥലം കൃത്യമായി സൂക്ഷിച്ചില്ലെന്നതടക്കം തുടക്കത്തിൽ തന്നെ പൊലീസ് അന്വേഷണത്തിനെതി ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണു കോടതി വിധിയെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ. പച്ചമാങ്ങ കടിപ്പിച്ചു, പൊലീസുകാരനെ മുഖം മൂടിയിട്ട് നാടകം കളിപ്പിച്ചു, ചെരിപ്പ് കെട്ടിത്തൂക്കി നാണക്കേടുണ്ടാക്കി തുടങ്ങിയ ആരോപണങ്ങളുന്നയിക്കുന്നവർ സത്യമറിയാതെ ആട്ടം കണ്ടവരാണെന്നും അവർ പറയുന്നു. അന്വേഷണഘട്ടത്തിൽ അനുഭവിച്ച മാനസിക സമ്മർദം, ആരോപണമുന്നയിക്കുന്നവർ മനസിലാക്കിയില്ലെന്നും അവർ പറയുന്നു.

പച്ചമാങ്ങയല്ല കടിച്ചത്, മോൾഡിലാണ്. ചെരിപ്പു തൂക്കിയിട്ടതാണ് കൂട്ടുകാരൻ വിവരം തരാൻ ഇടവരുത്തിയത്. കൃത്യമായ മഹസർ തയാറാക്കിയതും ദേഹപരിശോധന നടത്തിയതും വസ്ത്രങ്ങൾ സൂക്ഷിച്ചതുമാണു നിർണായക തെളിവുകളിലേക്കു നയിച്ചത്. വസ്ത്രം വെയിലത്തിട്ട് ഉണക്കിയിരുന്നുവെങ്കിൽ ഉമിനീർ കിട്ടില്ലായിരുന്നു. ഉമിനീരിൽ നിന്നാണ് ഡിഎൻഎ വേർതിരിച്ചെടുത്തത്. – അവർ പറഞ്ഞു. ഇത്തരം വിവാദ കേസുകളിൽ അന്വേഷണം നടക്കുമ്പോൾ കാര്യമറിയാതെ വിമർശിക്കരുതെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.