Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലാതായിരിക്കുന്നു: വധശിക്ഷയെക്കുറിച്ച് ആളൂർ

BA-Aloor

കൊച്ചി ∙ കേരളത്തിലെയും ഇന്ത്യയിലെയും കീഴ്ക്കോടതികളിൽനിന്ന് നട്ടെല്ലുള്ള ജഡ്ജിമാർ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‍ലാമിന്റെ അഭിഭാഷകൻ ബി.എ. ആളൂർ. ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുൽ ഇസ്‍ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും ആളൂർ ആരോപിച്ചു. പെരുമ്പാവൂർ ജിഷ വധക്കേസിലെ ഏക പ്രതി അമീറുൽ ഇസ്‍ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആളൂർ.

കീഴ്ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും അത് മേൽക്കോടതികൾ ശരിവയ്ക്കേണ്ടതുണ്ടെന്ന് ആളൂർ ചൂണ്ടിക്കാട്ടി. അതിനായി വിധിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കും. അമീറുൽ ഇസ്‍ലാം നിരപരാധിയാണെന്ന വാദം ആവർത്തിച്ച ആളൂർ, അമീറിന് നീതി നേടിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കി.

കീഴ്ക്കോടതികൾക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേൽക്കോടതികൾക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്റെ വിചാരണ വേളയിൽ വ്യക്തമായതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി. അമീറിന് വധശിക്ഷ വിധിച്ചത് ജനങ്ങൾക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടത് നീതിദേവതയുടെ മുൻപിൽ ചോദ്യചിഹ്നമായി അവശേഷിക്കുമെന്നും ആളൂർ പറഞ്ഞു.