കൊച്ചി∙ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പാക്കണമെന്നു വിദ്യാർഥിനിയുടെ അമ്മ രാജേശ്വരി.
തന്റെ മകൾ കൊല്ലപ്പെട്ടിട്ടു രണ്ടു വർഷം കഴിഞ്ഞു. പ്രതിയെ വധശിക്ഷയ്ക്കും വിധിച്ചു. എന്നാൽ, ശിക്ഷ നടപ്പാക്കിയിട്ടില്ല. ജയിലിൽ ബിരിയാണിയും കഴിച്ചു സുഖമായി ജീവിക്കുകയാണ്. വിധി നടപ്പാക്കുന്നതിൽ കോടതിയും പൊലീസും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ? മറ്റാർക്കെങ്കിലും കൊലയിൽ പങ്കുണ്ടോയെന്ന് അറിയില്ല. അങ്ങനെയുണ്ടെങ്കിൽ പിടികൂടി ശിക്ഷിക്കണം. മകൾ കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ച മുൻപ് ഇതര സംസ്ഥാന തൊഴിലാളി തന്നെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു. എന്നാൽ, അയാളെ പിടികൂടാൻ പൊലീസ് നടപടിയെടുക്കുന്നില്ല.
താൻ പോകുന്നിടത്തെല്ലാം നാട്ടുകാർ ഫോണിൽ ഫോട്ടോയെടുത്തു നവ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയാണ്. ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അവഹേളനം മൂലം ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണിപ്പോൾ. കുളിച്ചു മുടി ചീകി എവിടെയെങ്കിലും പോയാൽ ബ്യൂട്ടി പാർലറിൽ പോയതാണെന്നാണ് ആക്ഷേപം. പുതിയ വീട്ടിൽ ആളുകൾ ഒളിഞ്ഞു നോക്കുകയാണെന്നും അവർ പറഞ്ഞു.