എം.പി. വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡൽഹി∙ ജെ‍ഡിയു സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവച്ചു. ജെഡിയു ദേശീയ അധ്യക്ഷൻ നിതീഷ്കുമാർ ബിജെപി സഖ്യത്തിലേക്കു പോയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരത മറികടക്കുന്നതിനായി രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. ജെഡിയു ദേശീയ അധ്യക്ഷൻ ബിജെപി സഖ്യത്തിലേക്കു പോയ സാഹചര്യത്തിൽ ആ പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച രാജ്യസഭാ എംപി ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നതിനാലാണ് സ്ഥാനം രാജിവയ്ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ച് ഇടതുമുന്നണിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണു തീരുമാനം വന്നിരിക്കുന്നത്. യുഡിഎഫ് നൽകിയ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ മുന്നണി എതിർക്കുകയാണ്. എന്നാൽ, എംപി സ്ഥാനം രാജിവച്ചില്ലെങ്കിൽ താൻ സംഘ പരിവാർ സഖ്യത്തിലുള്ള എംപിയായി തുടരേണ്ടി വരും. അതു തന്റെ രാഷ്ട്രീയ നിലപാടല്ല. സ്ഥാനമാനങ്ങൾ തനിക്കു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.