ആധാർ വിഷയത്തിൽ കോൺഗ്രസിന്റേത് സ്ഥിരതയില്ലാത്ത നിലപാട്: അരുൺ ജയ്റ്റ്‌ലി

Arun Jaitley

ന്യൂഡൽഹി∙ ആധാർ വിഷയത്തിൽ സ്ഥിരതയില്ലാതെ, അഭിപ്രായങ്ങളിൽ മലക്കം മറിഞ്ഞ പാർട്ടിയാണ് കോണ്‍ഗ്രസെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. ആധാർ നടപ്പാക്കുന്നതിൽ യുപിഎ സർക്കാരിൽ തന്നെ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. എന്നാൽ അധികാരം കൈവിട്ടു പോയതിനു ശേഷം മറ്റൊരു നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

അതിന്റെ ഭാഗമായാണ് ആധാർ നിർബന്ധമാക്കിയുള്ള നിയമ നിർമാണത്തെ ഇപ്പോൾ കോൺഗ്രസ് എതിര്‍ക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. ‘ആധാർ: എ ബയോമെട്രിക് ഹിസ്റ്ററി ഓഫ് ഇന്ത്യാസ് 12 ഡിജിറ്റ് റെവലൂഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആധാറുമായി ബന്ധപ്പെട്ട് യുപിഎയുടെ കാലത്തുണ്ടാക്കിയ നിയമ നിർമാണം തികച്ചും അപരിഷ്കൃതമായിരുന്നെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ വളരെ ശക്തവും ആധാർ നടപ്പാക്കാൻ പ്രേരിപ്പിക്കുന്നതുമായ ഒരു അവതരണമുണ്ടായിരുന്നു.

എന്നാൽ നിലവിലെ നിയമം പുനഃപരിശോധിച്ചപ്പോൾ അതിൽ സ്വകാര്യത സംബന്ധിച്ച പല കൂട്ടിച്ചേർക്കലുകളും അത്യാവശ്യമാണെന്ന് വ്യക്തമായി. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാന്‍ തക്കതൊന്നും യുപിഎ കൊണ്ടുവന്ന നിയമത്തിലുണ്ടായിരുന്നില്ല.

നിലവിലെ സർക്കാർ ആധാറുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർക്കുകയാണു പ്രതിപക്ഷം ചെയ്തത്. പാർലമെന്റിൽ എവിടെയാണോ ഇരിക്കുന്നത് അതിനനുസരിച്ചാണ് ആധാറിന്മേലുള്ള കോൺഗ്രസിന്റെ നിലപാടുകളെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.