ന്യൂഡൽഹി∙ ക്രിസ്മസ്, പുതുവല്‍സര സീസണിൽ ഭീകരാക്രമണ സാധ്യതയുള്ളതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന ജാഗ്രതാ നിര്‍ദേശം. ദേഹപരിശോധനയും ബാഗേജ് പരിശോധനയും കര്‍ശനമാക്കാൻ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎഫ്) നിര്‍ദേശം നൽകി. മുൻപു പല തവണ പുതുവർഷാഘോഷ സമയത്തു ഭീകരാക്രമണ നീക്കങ്ങൾ ഉണ്ടായതിനാലാണ് കർശന ജാഗ്രതാ നിർദേശം നൽകിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാൻ കേന്ദ്രമാക്കിയ ഭീകരർ രാജ്യത്തിനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആഹ്വാന പ്രകാരമുള്ള ആക്രമണങ്ങളും ലോകത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്. ചാവേർ ആക്രമണം, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍, വാഹനങ്ങൾ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുന്ന രീതി തുടങ്ങിയവയാണ് ഇവിടങ്ങളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് ബിസിഎഎഫ് മേധാവി രാജേഷ് കുമാർ ചന്ദ്ര കുറിപ്പിലൂടെ വ്യക്തമാക്കി.
ടെർമിനൽ ബിൽഡിങ്, ഓപ്പറേഷനൽ ഏരിയ, ഏവിയേഷന്‍ ഫെസിലിറ്റീസ് എന്നിവിടങ്ങളിലെല്ലാം ആളുകൾ കടക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തുക, കാർ പാർക്കിങിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളടക്കം പരിശോധിക്കുക, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെ ഫലപ്രദമായി ഉപയോഗിക്കുക, ദ്രുതകർമസേനയുടെ പട്രോളിങ് ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് നിർദേശങ്ങളിലുള്ളത്.