ജീവനക്കാരുടെ എതിർപ്പുകൾ തള്ളി; കെഎഎസ് ജനുവരി ഒന്നിനെന്ന് സർക്കാർ

തിരുവനന്തപുരം∙ ജീവനക്കാരിൽ ഒരു ഭാഗത്തിന്റെ ശക്തമായ എതിർപ്പു മറികടന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ജനുവരിയിൽ നടപ്പാക്കുമെന്ന് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കെഎഎസ് 2018 ജനുവരി ഒന്നിന് പ്രബല്യത്തിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെഎഎസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് രൂപീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.

മൂന്ന് രീതിയിലാണ് കെഎഎസിലേയ്ക്ക് റിക്രൂട്ട്മെന്‍റ് നടത്തുക. ഒന്ന്) നേരിട്ടുള്ള നിയമനം. പ്രായപരിധി - 32 വയസ്സ്. പിന്നാക്ക വിഭാങ്ങള്‍ക്കും എസ്‍‍സി, എസ്ടികാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും. വിദ്യാഭ്യാസ യോഗ്യത - സര്‍വകലാശാല ബിരുദം. രണ്ട്) നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേന നിയമനം. പ്രായപരിധി -  40 വയസ്സ്. വിദ്യാഭ്യാസ യോഗ്യത - ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. മൂന്ന്) ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി - 50 വയസ്സ്. യോഗ്യത -  ബിരുദം. 

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പും ഉദ്ദേശിച്ചാണ് ഭേദഗതി. ഡോ. കെ.എം. ഏബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായം - ഊര്‍ജം അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ നിയമിക്കും.

വ്യവസായ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസിനു നല്‍കും. ഊര്‍ജ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും. കെ.എം.ഏബ്രഹാമിനെ സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നിയമിക്കും. പ്രശസ്ത നാനോ ശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി.ഷിബുലാല്‍, ബാങ്കിങ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, പ്രശസ്ത രസതന്ത്ര ഗവേഷന്‍ ഡോ. കെ.എം.ഏബ്രഹാം (യുഎസ്എ) എന്നിവര്‍ അംഗങ്ങളായിരിക്കും. കിഫ്ബി സിഇഒ ചുമതല കെ.എം.എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്‍റെ ധനകാര്യ ആസൂത്രണ - സാമ്പത്തികകാര്യ വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഏബ്രഹാം. 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ കണക്ടിവിറ്റി പാക്കേജായി നാല് പദ്ധതികള്‍ നടപ്പാക്കും. ഒന്ന്) തലശ്ശേരി - കൊടുവള്ളി - മമ്പറം - അഞ്ചരക്കണ്ടി  - മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മട്ടന്നൂര്‍  മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും.  രണ്ട്) കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂര്‍ - മേക്കുന്ന് - പാനൂര്‍ - പൂക്കോട് - കൂത്ത് പറമ്പ് - മട്ടന്നൂര്‍ റോഡ്, വനപ്രദേശം ഒഴികേയുള്ള മാനന്തവാടി - ബോയിസ് ടൗണ്‍ - പേരാവൂര്‍ - ശിവപുരം - മട്ടന്നൂര്‍ റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം. മൂന്ന്) കൂട്ടുപ്പുഴ പാലം - ഇരുട്ടി - മട്ടന്നൂര്‍ - വായന്തോട്, മേലേ ചൊവ്വ - ചാലോട് - മട്ടന്നൂര്‍ - എയര്‍പ്പോര്‍ട്ട് റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കുന്നതിനു കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും.  നാല്) കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് - ചെറക്കള - മയ്യില്‍ - ചാലോട് റോഡ് നാലുവരി പാതയാക്കും. 

ന്യൂനപക്ഷ പദവിയില്ലാത്ത എയ്ഡഡ് കോളേജുകളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീല്‍ നൽകും. തെന്‍മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ശമ്പളം പരിഷ്കരിക്കും. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. ഫയർ ആൻഡ് റസ്ക്യൂ സര്‍വീസസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കും. ഇതിനായി എട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.