കഥയില്‍ വിക്രമാദിത്യനോട് വേതാളം ചോദിക്കുന്നതുപോലെ കുഴപ്പം നിറഞ്ഞ ചോദ്യങ്ങളെറിഞ്ഞ് ചില കള്ളന്‍മാര്‍ അപ്രത്യക്ഷരാകും. ഒരു ഫോണ്‍ നമ്പരോ വാഹന നമ്പരോ മാത്രമാവും അന്വേഷണസംഘത്തിനു കിട്ടുക. ഈ ചെറിയ തുമ്പുമായി നൂറുകണക്കിനു ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചും നിരവധിപേരെ ചോദ്യം ചെയ്തുമാണ് പൊലീസ് കുറ്റവാളിയുടെ അടുത്തെത്തുന്നത്. അപ്പോഴേക്കും അടുത്ത ചോദ്യമെറിഞ്ഞ് കുറ്റവാളി വീണ്ടും അപ്രത്യക്ഷനാകും. പൊങ്ങുന്നത് വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള കുഗ്രാമത്തിലായിരിക്കും.
മോഷണം കുലത്തൊഴിലായി കരുതുന്നവരെ അവരുടെ സ്ഥലത്തെത്തി പിടികൂടുന്നത് പലപ്പോഴും ജീവൻ പണയം വച്ചുള്ള കളിയാണ്. അത്തരമൊരു ഓപ്പറേഷനാണ് കാസർകോട് ആദൂര്‍ സിഐ ആയിരുന്ന സിബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയത്; ഉത്തര്‍പ്രദേശിലെ ധനപുരയെന്ന കള്ളന്‍മാരുടെ ഗ്രാമത്തില്‍. സിബി തോമസിനെ ജനങ്ങളറിയുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ്. ആ സിനിമയില്‍ എസ്ഐ വേഷത്തില്‍ തിളങ്ങിയത് സിഐ ആയ സിബിയാണ്. തൊണ്ടിമുതലിന്റെ കാസ്റ്റിങ് നടക്കുമ്പോള്‍ ഈ അന്വേഷണത്തിന്റെ തിരക്കിലായിരുന്നു സിബി.
2016 ഒക്ടോബര്‍ 4
കാസർകോട് കണ്ടംകുഴിയിലുള്ള സുമംഗലി ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 39 പവന്‍ സ്വര്‍ണവും നാലരക്കിലോ വെള്ളിയുമായി മോഷ്ടാക്കള്‍ കടന്നു. ഷട്ടര്‍ ലോക്കു ചെയ്യുന്ന ഭാഗം മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സിബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്ഐ ഫിലിപ് തോമസ്, അഡീ. എസ്ഐമാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ, എസ്‌സിപിഒമാരായ ലക്ഷ്മി നാരായണൻ, കെ.എം.മധുസൂദനൻ, സി.ശിവദാസൻ, സിപിഒ കെ.ശ്രീജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റോഡരികിലുള്ള ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു വാൻ രണ്ടുതവണ വന്നുപോകുന്നത് ശ്രദ്ധിച്ചു. പുലർച്ചെ മൂന്നിനു കുണ്ടംകുഴി ഭാഗത്തേക്കു പോയ വാൻ പെട്ടെന്നു തന്നെ മടങ്ങിയതായി ക്യാമറയിൽ വ്യക്തമായി. പിന്നീട് നാലേകാലോടെ വീണ്ടും അതേ വാൻ പോകുന്നതും തിരിച്ചുവരുന്നതും ക്യാമറകളിൽ പതിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ അന്വേഷണം മുന്നോട്ടുപോയില്ല.
സംഭവം നടന്ന സ്ഥലത്തെ മൊബൈല്‍ ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. പതിനായിരക്കണക്കിനു വിളികള്‍ പരിശോധിച്ച അന്വേഷണസംഘത്തിന് സംഭവം നടന്ന സമയത്തെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിളിയില്‍ സംശയം തോന്നി. കണക്‌ഷനെടുത്തിരിക്കുന്നത് പശ്ചിമബംഗാളില്‍നിന്ന്. വിളിച്ചതു മറ്റൊരു സംസ്ഥാനത്തെ നമ്പറിലേക്കും. ഇവയുടെ വിലാസങ്ങൾ പരിശോധിച്ചപ്പോൾ രണ്ടും വ്യാജമാണെന്നു കണ്ടെത്തി. ഫോണുകള്‍ ആക്ടീവാണ്. ടവര്‍ ലൊക്കേഷന്‍ ഉത്തര്‍പ്രദേശില്‍. ഈ ഫോണില്‍നിന്നുള്ള വിളികളിലൊന്നു പോയിരിക്കുന്നത് കാസർകോട് സ്വദേശിയായ ഷെരീഫിന്റെ നമ്പരിലേക്കാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.
ഷെരീഫിനെ പൊക്കിയതോടെ സംഭവം വ്യക്തമായി. ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കള്‍ക്കു താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷെരീഫാണ്. പൊലീസ് വാടകക്കരാര്‍ പരിശോധിച്ചു. അതിലൊരു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. മൊബൈല്‍ കണക്‌ഷനെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍നിന്ന് ഫോട്ടോ കിട്ടി. അടുത്തതായി പരിശോധിച്ചത് ഗ്യാസ് കണക്‌ഷനെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയാണ്. ഫോട്ടോ പഴയതു തന്നെ, പക്ഷേ പേര് വ്യത്യാസം. എല്ലാം വ്യാജമായി ഉണ്ടാക്കിയ രേഖകള്‍. പൊലീസ് വീണ്ടും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു. ഡല്‍ഹിയിലാണ് ഫോണ്‍ നമ്പരിന്റെ ഉടമ. പിന്നീട് ടവര്‍ ലൊക്കേഷന്‍ ഉത്തർപ്രദേശിൽ ബദാവുൻ ജില്ലയിലെ ധനപുര ഗ്രാമത്തിലെത്തി. അന്വേഷണസംഘം ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു.
സഹകരിച്ചില്ല, മുന്നറിയിപ്പുമായി യുപി പൊലീസ്
ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ധനപുര. മോഷണം കുലത്തൊഴിലായി കാണുന്ന ഗ്രാമം. കവര്‍ച്ച നടത്തിയ പണം കൊണ്ട് ഏക്കര്‍ കണക്കിനു ഭൂമിയാണ് ഗ്രാമവാസികള്‍ വാങ്ങിയിരിക്കുന്നത്. തിരച്ചിലിനു സഹായം തേടിയ കേരള പൊലീസിനോട് ഉത്തര്‍പ്രദേശ് പൊലീസ് സഹകരിച്ചില്ല. ഒരു മുന്നറിയിപ്പു കിട്ടി: തിരച്ചിലിനു പോയ ഒരു പൊലീസുകാരനെ ഗ്രാമവാസികള്‍ പതിനൊന്നുവര്‍ഷം മുന്‍പു കൊന്നതിനുശേഷം പൊലീസുകാര്‍ ഗ്രാമത്തിലേക്കു പോയിട്ടില്ല. സിബിയുടെ നേതൃത്വലുള്ള സംഘം ഗ്രാമത്തിനു പുറത്ത് രഹസ്യമായി നിരീക്ഷണം നടത്തി. ഗ്രാമത്തിലേക്കുള്ള റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് പുല്ലുമൂടി കിടക്കുകയാണ്. ഗ്രാമത്തിലെ വീടുകള്‍ രണ്ടാള്‍ പൊക്കത്തിലുള്ള മതിലിനുള്ളിലാണ്. ഇരുമ്പുഗേറ്റ് മറികടന്ന് അന്‍പതുമീറ്ററോളം മുന്നോട്ടു പോയാലേ വീടുകളില്‍ തിരച്ചില്‍ നടത്താന്‍ കഴിയൂ. ഗ്രാമത്തലവന്റെ അനുമതിയില്ലാതെ ആര്‍ക്കും അകത്തേക്കു കടക്കാനാകില്ല.
ലോക്കല്‍ സ്റ്റേഷനില്‍നിന്നു സഹായം ലഭിക്കാതായതോടെ ബദാവുൻ ജില്ലയിലെ എസ്പിയെ സംഘം സമീപിച്ചു. എല്ലാവരെയും പിടികൂടി ശല്യം ഒഴിവാക്കിത്തരണമെന്നായിരുന്നു എസ്പിയുടെ അഭ്യര്‍ഥന. ‘ബംഗാളിലും കര്‍ണാടകയിലും നടക്കുന്ന പല ബാങ്ക് കൊള്ളകള്‍ക്കും പിന്നില്‍ ഈ ഗ്രാമക്കാരാണ്. പക്ഷേ ഗ്രാമത്തില്‍ കയറി പിടികൂടുന്നത് എളുപ്പമല്ല’ - എസ്പി മുന്നറിയിപ്പു നല്‍കി. ഉത്തര്‍പ്രദേശ് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഗ്രാമത്തില്‍ രഹസ്യമായി നിരീക്ഷണം നടത്തി. കേസില്‍ ഉള്‍പ്പെട്ട നേഥ് റാമിനെ തിരിച്ചറിഞ്ഞു. ഇനി അയാളെ പുറത്തെത്തിക്കണം. നേഥ് റാമിന് ചാരായക്കച്ചവടമുണ്ട്. യുപിയിലെ പൊലീസുകാരന്‍ ചാരായം വാങ്ങാനെത്തിയ ആളായി നേഥ് റാമിനെ സമീപിച്ചു. ഗ്രാമത്തിനു പുറത്തെത്തിച്ച് അറസ്റ്റു ചെയ്തു.
ഇതോടെ ഒന്നരമാസം മുൻപു നടന്ന കവർച്ചയിലുൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. ധനപുര സ്വദേശികളായ ഭുജ്പാൽ (54), യാദ് റാം (38), ലഖൻ സിങ് (36), ഓംവതി (48) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. അറസ്റ്റിലായ നേഥ് റാമിന്റെ സഹോദരനാണ് യാദ് റാം. ഭുജ്പാൽ, യാദ് റാം, ലഖൻ സിങ് എന്നിവരാണ് ജ്വല്ലറി കവർച്ചയിൽ നേരിട്ടു പങ്കെടുത്തത്. ബാക്കിയുള്ളവർ ഇവർക്കു സഹായം ചെയ്തു. ഭുജ്പാലാണ് കവർച്ചസംഘത്തിന്റെ തലവൻ. തമിഴ്നാട് കൃഷ്ണഗിരിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്നു 42 കിലോ സ്വർണം കൊള്ളയടിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസിന് മനസ്സിലായി. വസ്ത്രവിൽപനയ്ക്കെന്ന പേരിൽ ആറു മാസം മുൻപു കാസർകോട്ടെത്തിയ സംഘം അണങ്കൂരിലെ വാടകവീട്ടിൽ താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനിടയിലാണ് കുപ്രസിദ്ധ മോഷ്ടാവായ മൂർഖൻ ഷെരീഫുമായി പരിചയത്തിലാകുന്നത്.
പകൽസമയത്തു പരിചയമില്ലാത്തവരെ കണ്ടാൽ പുരുഷന്മാർ ഓടി രക്ഷപ്പെടും. രാത്രിയാണെങ്കിൽ അക്രമിക്കും. ഇതാണ് ഗ്രാമവാസികളുടെ രീതി. എകെ 47 തോക്കേന്തിയ ഉത്തർപ്രദേശ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ സഹായത്തോടെ കേരള പൊലീസ് രാത്രി ഒരു മണിക്ക് ഗ്രാമത്തിലേക്കു കയറി. ഗ്രാമവാസികള്‍ സംഘടിച്ചതോടെ 20 മിനിറ്റിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി. കവർച്ച ചെയ്തതിൽ വെള്ളിയുടെ രണ്ടു കാൽവളകളും രണ്ടു പാദസരങ്ങളും നേഥ് റാമിന്റെ വീട്ടിൽനിന്നു പൊലീസ് കണ്ടെത്തി. മറ്റുള്ളവരെയും പിടികൂടിയശേഷം മടങ്ങാമെന്ന നിലപാടിലായിരുന്നു കേരള പൊലീസ്. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ഡല്‍ഹിയിലേക്കു മടങ്ങാന്‍ 200 കിലോമീറ്ററോളം വിജനമായ പാതയിലൂടെ സഞ്ചരിക്കണം. ഇതിനിടയില്‍ മോഷ്ടാക്കളുടെ സംഘങ്ങള്‍ ആയുധവുമായി എത്തി ആക്രമിക്കാനിടയുണ്ട്. ഒന്‍പതു ദിവസത്തെ അന്വേഷണം അവസാനിപ്പിച്ച് നേഥ് റാമുമായി സംഘം കാസര്‍കോടിനു മടങ്ങി.
കഥ ഇവിടെ അവസാനിച്ചില്ല. സുമംഗലി ജ്വല്ലറിയുടെ ബന്ദടുക്കയിലുള്ള ശാഖയില്‍ വീണ്ടും കവര്‍ച്ച നടന്നു. അന്വേഷണത്തിൽ, പെയിന്റിങ്ങിനായി ചില ഇതരസംസ്ഥാനക്കാര്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്നതായി മനസ്സിലായി. ഫോണ്‍ ലൊക്കേഷന്‍ ചെന്നൈയിലാണ്. സിം വില്‍പന നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു. തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അവര്‍ക്കാര്‍ക്കും സംഭവത്തെക്കുറിച്ച് അറിയില്ല. ഉപയോഗിച്ചശേഷം പഴയ സിം വില്‍പന നടത്തിയതാണ് ഇവരെ കുടുക്കിയത്. ഉപയോഗിച്ച സിം ഇതരസംസ്ഥാനക്കാര്‍ക്കു വില്‍ക്കുന്ന കടകളുണ്ട് ചെന്നൈയില്‍. പഴയ സിം വാങ്ങുന്നവര്‍ക്ക് പ്രത്യേക റീചാര്‍ജ് ഓഫറുകള്‍ കടക്കാര്‍ നല്‍കും. നാട്ടിലേക്കു തിരികെ പോകുമ്പോള്‍ സിം തിരികെ നല്‍കിയാല്‍ മതി. കാസര്‍കോട്ടെ മോഷണം നടക്കുന്നതിനു മുന്‍പാണ് ചെന്നൈ സ്വദേശികള്‍ പഴയ സിം കടയില്‍ വിറ്റത്. തിരിച്ചറിയില്‍ രേഖ ഇവരുടേതാണ്. രണ്ടാമതായി സിം വാങ്ങിയവരുടെ തിരിച്ചറിയല്‍ രേഖ ഇല്ല. ആളെ തിരിച്ചറിയാന്‍ മാര്‍ഗവുമില്ല. വെല്ലുവിളി ഏറ്റെടുത്ത് കാസര്‍കോട് പൊലീസ് അന്വേഷണം തുടരുന്നു..