മുംബൈ ∙ പുതുവൽസരദിനത്തിൽ ഭീമ– കോറെഗാവ് യുദ്ധവാർഷികാചരണത്തിന്റെ പേരിലുണ്ടായ ദലിത്– മറാഠാ സംഘർഷത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ശിവസേന. പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായതൊന്നും മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ചെയ്തില്ലെന്ന് മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തി.
സംഘർഷത്തെ തുടർന്ന് ബുധനാഴ്ച ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തവുമായി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തിയത്.
‘സംസ്ഥാനത്തെ നിർഭാഗ്യകരമായ സംഭവങ്ങളിലേക്കും കനത്ത നാശനഷ്ടത്തിലേക്കും തള്ളി വിട്ടത് ബിജെപി സർക്കാരുകളാണ്. സംസ്ഥാന പൊലീസിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും രാഷ്ട്രീയക്കളിയാണ് പ്രശ്നം സങ്കീർണമാക്കിയത്. സംഘർഷം നിയന്ത്രിക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് പ്രാപ്തിയില്ല. അന്വേഷണ കമ്മിഷനെ നിയമിക്കുന്നത് പതിവുരീതിയാണ്. അതിനു ഭരണപാടവം ആവശ്യമില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മഹാരാഷ്ട്രയിൽ എത്തിയവരാണ് ആക്രമണങ്ങൾ നടത്തുന്നത്’– മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
ബാരിപ ബഹുജൻ മഹാസംഘ് (ബിബിഎം) നേതാവും ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറെയും ശിവസേന കുറ്റപ്പെടുത്തി. രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി അക്രമത്തെ കൂട്ടുപിടിക്കരുത്. ജനക്കൂട്ടത്തിന് വഴികാണിച്ചു കൊടുക്കേണ്ടവർ ആക്രമത്തിലേക്കു നയിക്കരുതെന്നും പ്രകാശിനെ ശിവസേന ഉപദേശിച്ചു. അതിനിടെ, പുണെയിലെ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന പരാതിയിൽ ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ബന്ദിൽ മുംബൈയിൽ ലോക്കൽ ട്രെയിൻ, ബസ് ഗതാഗതം തടസ്സപ്പെട്ടു. 50 ബസുകൾക്കു നാശനഷ്ടമുണ്ടായി. നാലു ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു. സ്വകാര്യ വാഹനങ്ങൾക്കും നേരെയും അക്രമമുണ്ടായി. മുളുണ്ടിനു സമീപം നാഹുറിൽ ലോക്കൽ ട്രെയിൻ തടഞ്ഞ പ്രക്ഷോഭകർ യാത്രക്കാർക്കു നേരെ കല്ലെറിഞ്ഞു. പവയിൽ രണ്ടു പൊലീസ് ബൈക്കുകൾ കത്തിച്ചതിനെത്തുടർന്ന് ലാത്തിച്ചാർജും നടന്നു. 12 വിമാന സർവീസുകൾ റദ്ദാക്കി. 235 സർവീസുകൾ വൈകി. പുതുവൽസരദിനത്തിൽ പുണെയിൽ ഭീമ– കോറെഗാവ് യുദ്ധവാർഷികാചരണത്തിന്റെ പേരിലുണ്ടായ ദലിത്– മറാഠാ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ തുടർച്ചയായിട്ടായിരുന്നു ബന്ദ് ആഹ്വാനം. ഹിന്ദു വലതുപക്ഷ സംഘടനാ നേതാക്കളായ സംഭാജി ഭിഡെയും മിലിന്ദ് ഏക്ബോതെയുമാണു സംഘർഷങ്ങൾക്കു തുടക്കമിട്ടതെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണു പ്രകാശ് അംബേദ്കറുടെ നിലപാട്.