ആധാർ വിവരങ്ങൾ ‘കുരുക്കായി’; 80,000 അപര അധ്യാപകരുടെ കള്ളി വെളിച്ചത്ത്

ന്യൂഡൽഹി ∙ കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകരുടെ ആധാർ വിവരം ശേഖരിച്ചപ്പോൾ എൺപതിനായിരത്തോളം അപര അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. ആധാർ വിവരങ്ങൾ നിർബന്ധമാക്കി ദേശീയ തലത്തിൽ നടത്തിയ ഉന്നത പഠന സർവേയിലാണ് അപര അധ്യാപകരുടെ വിവരങ്ങൾ പുറത്തായതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.

ഒരാൾ തന്നെ വ്യാജപ്പേരിൽ പലയിടത്തു ജോലിചെയ്ത് ശമ്പളം പറ്റുകയായിരുന്നു. മൂന്നിലേറെ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ശമ്പളം മേടിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 85 ശതമാനം അധ്യാപകരും ആധാർ വിവരങ്ങൾ നൽകിയിട്ടുണ്ട്. ബാക്കിയുള്ള 15 ശതമാനം പേരുടെ വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ അപര അധ്യാപകരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.

അതേസമയം, കേന്ദ്ര സർവകലാശാലകളിൽനിന്നുള്ള ഒരു അധ്യാപകൻ പോലും ഇക്കൂട്ടത്തിലില്ലെന്നും മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. എന്നാൽ സംസ്ഥാന, സ്വകാര്യ സർവകലാശാലകളിൽനിന്ന് ഇത്തരക്കാരെ കണ്ടെത്തുകയും ചെയ്തു.

ആധാർ വിവരങ്ങൾ നൽകിയാൽ വ്യക്തിപരമായ വിവരങ്ങൾ ചോരുമെന്ന വാദത്തെയും മന്ത്രി തള്ളിക്കളഞ്ഞു. ‘നിങ്ങളുടെ മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും നൽകുന്നതുപോലെയുള്ള നടപടി മാത്രമാണിത്. മൊബൈൽ നമ്പർ നൽകിയെന്നു കരുതി നിങ്ങൾ അയയ്ക്കുന്ന മെസേജുകൾ ആർക്കെങ്കിലും കാണാനാകുമോ? ആധാറും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതിന് സമ്പൂർണ സുരക്ഷയുമുണ്ട് – ജാവഡേക്കർ പറഞ്ഞു.