തിരുവനന്തപുരം∙ ബോണക്കാട് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അനുഭാവപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. പൊലീസ് ലാത്തിച്ചാര്‍ജിലും പീഡനത്തിലും നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ക്കു പ്രതിഷേധമുണ്ട്. എങ്കിലും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണു താല്‍പര്യപ്പെടുന്നതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
ബോണക്കാട്ട് ആരാധന നടത്താൻ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിലെ ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞാണ് വിശ്വാസികള്‍ പോയത്. സംഘര്‍ഷമുണ്ടായത് ദുഃഖകരവും ഖേദകരവുമാണ്. അത് ആരുടെ ഭാഗത്തുനിന്നായാലും അന്വേഷിക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.
വർഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ ബോണക്കാട് കുരിശുമലയിലേക്കു യാത്ര നടത്താറുണ്ട്. എന്നാൽ അടുത്തകാലത്തു മലയിലെ കുരിശു തകർന്ന നിലയിൽ കണ്ടെത്തിയതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെ സര്‍ക്കാരും രൂപതാ നേതൃത്വവും പല തവണ ചര്‍ച്ച നടത്തിയിരുന്നു. തുടർന്ന്, മലയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച തീർഥാടനം അനുവദിക്കാമെന്നും സർക്കാർ നിലപാടെടുത്തതായി സഭാ നേതൃത്വം പറയുന്നു. ഇങ്ങനെ അനുമതിയോടെ പോയ സ്ത്രീകളുള്‍പ്പെടെയുള്ള വിശ്വാസികളെയാണ് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതെന്നു സഭ ആരോപിക്കുന്നു.
ആരാധനാ സ്വാതന്ത്യം വേണമെന്നും അതിന് സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നുമാണ് സഭാനേതൃത്വം ആവശ്യപ്പെടുന്നത്. അതേസമയം, കസ്റ്റഡിലെടുത്തവരെ മര്‍ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു.