അണ്ടർ 19 ലോകകപ്പ്: പാപുവ ന്യൂഗിനിയെ തകർത്ത് ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് ജയം

പാപുവ ന്യൂഗിനിയ്ക്കെതിരെ പൃഥ്വി ഷായുടെ ബാറ്റിങ്. ചിത്രം: ഐസിസി ട്വിറ്റർ

മൗണ്ട് മോംഗനൂയി (ന്യൂസീലൻഡ്)∙ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. പാപുവ ന്യൂഗിനിക്കെതിരെ പത്തുവിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 21.5 ഓവറിൽ പത്തുവിക്കറ്റ് നഷ്ടത്തിൽ 64 റൺസിന് പുറത്തായിരുന്നു. ദുർബലരായ പാപുവയ്ക്കെതിരെ ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ പൃഥ്വിഷായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 36 പന്തുകൾ നേരിട്ട ഷാ 57 റൺസുമായി പുറത്താകാതെ നിന്നു. 36 പന്തിൽ 9 റൺസ് മാത്രമെടുത്ത മൻജോത് കൽറയും ക്യാപ്റ്റന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ ഇന്ത്യ ജയം അനായാസം സ്വന്തമാക്കുകയായിരുന്നു. 

ഓൾ റൗണ്ടർ അനുകൂൽ റോയിയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലാണ് ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനിയെ ഇന്ത്യ ചെറിയ സ്കോറിൽ ചുരുട്ടിക്കെട്ടിയത്. 15 റൺസ് നേടിയ ഓവിയ സാമാണ് അവരുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ശിവം മാവി രണ്ടു വിക്കറ്റും കമലേഷ് നഗർകോട്ടി, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ആദ്യ മൽസരത്തിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെയും തകർപ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ജയത്തോടെ ഇന്ത്യ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ബി ഗ്രൂപ്പിൽ നാലു പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ.