Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രകിരീടത്തിൽ മുത്തമിട്ട് യുവ ഇന്ത്യ; ഫൈനലിൽ ഓസീസിനെ തകർത്തു

Manjot Kalra ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി കുറിച്ച മൻജോത് കൽറ മൽസരത്തിനിടെ.

മൗണ്ട് മൗഗ്നൂയി (ന്യൂസീലൻഡ്) ∙ 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ചുണക്കുട്ടികൾ. കരുത്തരായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് കിരീടത്തിൽ മുത്തമിട്ട ഇന്ത്യ, നാലു തവണ ലോകകപ്പ് നേടുന്ന ഏക രാജ്യമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 216 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ, 67 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ മൻജോത് കൽറയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 102 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും നേടിയ കൽറ 101 റൺസുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹാർവിക് ദേശായിയുമാണ് 61 പന്തിൽ 47 റണ്‍സെടുത്തും പുറത്താകാതെ നിന്നു. കൽറയാണ് കളിയിലെ കേമൻ. ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലാണ് പരമ്പരയുടെ താരം.

സ്കോർ: ഓസ്ട്രേലിയ 47.2 ഓവറിൽ 216, ഇന്ത്യ 38.5 ഓവറിൽ 220.

ലീഗ് ഘട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 100 റൺസിനു തോൽപിച്ചിരുന്നു. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ നാലാം കിരീടമാണ് പൃഥ്വി ഷായുടെയും സംഘവും നേടിയത്. മുഹമ്മദ് കൈഫ് (2002), വിരാട് കോഹ്‌ലി (2008), ഉന്മുക്ത് ചന്ദ് (2012) എന്നിവരുടെ ക്യാപ്റ്റൻസിയിൽ മുൻപ് ജേതാക്കളായ ഇന്ത്യ ഒരിക്കൽ കൂടി കപ്പുയർത്തിയതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡിലെത്തി. ഓസ്ട്രേലിയ മൂന്നുതവണ ചാംപ്യൻമാരായിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയും മെരുങ്ങി, കോഹ്‍ലിക്കു മുന്നിൽ; ഇനിയുള്ളത് ഒരേയൊരു രാജ്യം...

 

മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ മികവിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മൂന്നു കൂട്ടുകെട്ടുകളിലും നെടുന്തൂണായി നിന്നത് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട മൻജോത് കൽറയും. ഇന്ത്യയ്ക്കു വേണ്ടി നായകൻ പൃഥ്വി ഷായും മൻജോത് കൽ‌റയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ സ്കോർ 71ൽ നിൽക്കെ പൃഥ്വി ഷാ വിൽ സുതർലാൻഡിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 41 പന്തിൽ നാലു ബൗണ്ടറികളുൾപ്പെടെ 29 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. തുടർന്നെത്തിയ ശുബ്മാൻ ഗില്ലും മൻജോത് കൽറയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും ഇന്ത്യയെ പതുക്കെ വിജയത്തോട് അടുപ്പിച്ചു. സ്കോർ 131ൽ നിൽക്കെ ഗില്ലും പുറത്തായി. 30 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 31 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

cricket-wicket-under-19 ഓസ്ട്രേലിയയുടെ നാലാം വിക്കറ്റു വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

നാലാമനായി ക്രിസീലെത്തിയ ദേശായിക്കൊപ്പം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ കൽറ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 89 റൺസ് കൂട്ടിച്ചേർത്തു. 61 പന്തുകൾ നേരിട്ട ദേശായി അഞ്ചു ബൗണ്ടറികളോടെ 47 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യൻ ഇന്നിങ്സ് നാലാം ഓവറിലേക്കു കടന്നതിനു പിന്നാലെ മഴപെയ്തതിനാൽ കളി അൽപനേരം തടസപ്പെട്ടിരുന്നു. പിന്നീട് മഴ മാറിയതോടെ കളി പുനരാരംഭിച്ചു.

malayali-group-at-cricket ഓസ്ട്രേലിയയുടെ അഞ്ചാം വിക്കറ്റു വീഴ്ച ആഘോഷിക്കുന്ന കാണികളിലെ മലയാളിസംഘം.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 47.2 ഓവറിൽ 216 റൺസിൽ എല്ലാവരും പുറത്തായി. പാക്കിസ്ഥാനെതിരായ സെമിയിൽ നാലു വിക്കറ്റ് നേടിയ ഇഷാൻ പോറെലാണ് കലാശപ്പോരാട്ടത്തിൽ ഓസീസിന്റെ രണ്ടു ഓപ്പണർമാരെയും പവലിയനിലേക്കു മടക്കിയത്. ശിവ സിങ്ങും അനുകൂൽ റോയിയും കംലേഷ് നാഗർകോടിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശിവം മാവി ഒരു വിക്കറ്റ് നേടി. ഓസീസിനു വേണ്ടി മികച്ച ചെറുത്തുനിൽപ്പ് കാഴ്ചവച്ച് അർധ സെഞ്ചുറി കുറിച്ച ജോനാഥൻ മെർലോ 76 റൺസിൽ നിൽക്കെ അനുകൂൽ റോയിയുടെ പന്തിൽ ശിവ സിങ്ങിന്റെ ക്യാച്ചിൽ പുറത്തായി. ഓസീസ് വിക്കറ്റ് കീപ്പർ ബക്സർ ജെ. ഹോൾട്ട് റൺഔട്ടായി.

ചരിത്രകിരീട നേട്ടത്തിലേക്ക് ഇന്ത്യയുടെ പ്രയാണം ഇങ്ങനെ

ഓസീസിനെതിരെ : 100 റൺസ് ജയം
പാപുവ ന്യൂഗിനിക്കെതിരെ: പത്തു വിക്കറ്റ് ജയം
സിംബാംബ്‍വെയ്ക്കെതിരെ: പത്തു വിക്കറ്റ് ജയം
ബംഗ്ലദേശിനെതിരെ: 131 റൺസ് ജയം
പാക്കിസ്ഥാനെതിരെ സെമിയിൽ: 203 റൺസ് ജയം
ഓസീസിനെതിരെ ഫൈനലിൽ: എട്ടു വിക്കറ്റ് ജയം

prithvi-shah ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ബാറ്റിങ് ആരംഭിക്കുന്നതിനു മുൻപ് നായകൻ പൃഥ്വി ഷാ
cheer-up-india ഇന്ത്യൻ ബാറ്റിങ്ങിനെ ഡ്രസിങ് റൂമിലിരുന്നു പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നായകൻ പൃഥ്വി ഷായും സംഘവും.
related stories