കുണ്ടറ∙ കൊല്ലത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിലിൽ ഇവർ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. സ്വത്തുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന നിലപാടിൽ ജയമോൾ ഉറച്ചുനിൽക്കുകയാണ്. ഇവർ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചന.
ഭർത്താവിന്റെ വീട്ടിൽ പോകുന്നതിൽനിന്ന് മകനെ വിലക്കിയെങ്കിലും പോയതാണ് പ്രകോപനമായതെന്നും ജയ മൊഴി നൽകി. തിരിച്ചുവന്നപ്പോൾ സ്വത്ത് തരില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി അറിയിച്ചു. ഇതോടെ മകന്റെ കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നുവെന്നും ജയ മൊഴി നൽകി.
അതേസമയം, കൊലപാതകം ആസൂത്രിതമല്ലെന്നാണു വിലയിരുത്തലിലാണ് പൊലീസ്. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബർ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവർ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ, കൊലയ്ക്കു കാരണം സ്വത്തുതർക്കമാണെന്ന മൊഴി ജോബിന്റെ പിതാവ് തള്ളി. മക്കളുമായി സ്വത്തുതർക്കമൊന്നും നിലവിലില്ല. സ്വത്തുക്കൾ മകന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നത്. ജോബോ ജയമോളോ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ജയമോൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ഭർതൃപിതാവ് പറഞ്ഞു. വസ്തുതർക്കത്തിന്റെ പേരിലാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്നാണ് ജയമോൾ മൊഴി നൽകിയിരുന്നത്.
നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ യുവാവിനു സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:
തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ ജിത്തു ജോബ് സ്കെയിൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇൗ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.
വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡു വരെച്ചെന്നു തിരികെപ്പോയി. വീടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.