അണ്ടർ 19 ലോകകപ്പ്: സിംബാബ്‌വെയെ 10 വിക്കറ്റിനു തകർത്ത് ഇന്ത്യ ഗ്രൂപ്പിലെ വമ്പൻ

ഇന്ത്യ–സിംബാബ്‍വെ പോരാട്ടത്തിൽ നിന്ന്

മൗണ്ട് മോംഗനൂയി (ന്യൂസീലൻഡ്)∙ അണ്ടർ 19 ലോകകപ്പ് ബി ഗ്രൂപ്പിൽ മൂന്നാം മൽസരത്തിലും തകർപ്പൻ ജയവുമായി ഇന്ത്യൻ ചുണക്കുട്ടികൾക്ക് നോക്കൗട്ട് റൗണ്ടിലേക്ക് രാജകീയ പ്രവേശനം. മൂന്നാം മൽസരത്തിൽ സിംബാബ്‍വെയെ പത്തു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‍വെയെ 48.1 ഓവറിൽ 154 റൺസിന് ഇന്ത്യ പുറത്താക്കിയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21.4 ഓവറിൽ വിജയ റൺ കുറിച്ചു. ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുബ്മാൻ ഗിൽ (59 പന്തിൽ 90 ) ഹാർവിക് ദേശായ് (73 പന്തിൽ 56) എന്നിവർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി അനുകൂൽ റോയ് നാലു വിക്കറ്റു വീഴ്ത്തി. 36 റൺസ് നേടിയ മിൽറ്റന്‍ ഷുംബയാണു സിംബാബ്‍വെയുടെ ടോപ്സ്കോറർ. വെസ്‍ലി മെദ്‍വെ (30), ക്യാപ്റ്റൻ ലിയാം റോഷെ (31) എന്നിവരാണു ഉയർന്ന സ്കോറുകൾ സ്വന്തമാക്കിയ മറ്റു താരങ്ങൾ. അർഷ്ദീപ് സിങ്, അഭിഷേക് ശർമ എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതവും ശിവം മാവി, പരാഗ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

കരുത്തരായ ഓസ്ട്രേലിയക്കെതിരെയും പാപുവ ന്യൂഗിനിക്കെതിരെയുമായിരുന്നു ഗ്രൂപ്പിൽ ഇന്ത്യയുടെ ആദ്യ ജയങ്ങൾ. ആറു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ.