തിരുവനന്തപുരം∙ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ദുബായിലെ സാമ്പത്തിക തട്ടിപ്പുകേസ് ആരോപണം വ്യാജമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎം സെക്രട്ടേറിയറ്റ്. ബിനോയ്ക്കെതിരെ നിലവിൽ കേസോ പരാതിയോ ഇല്ല. നേരത്തേ നൽകിയ ചെക്ക് മടങ്ങിയെങ്കിലും പിഴയടച്ചു കേസ് തീർപ്പാക്കി. ഇക്കാര്യത്തിൽ സർക്കാരിനോ പാർട്ടിക്കോ ഒന്നും ചെയ്യാനില്ല. രണ്ടു കക്ഷികൾ തമ്മിലുള്ള കാര്യമാണത്. ആരോപണത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎമ്മിനെ വേട്ടയാടുകയാണു ഇതിന്റെ ലക്ഷ്യമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പുകേസ് അടിസ്ഥാനരഹിതമാണെന്നു സിപിഎം സമൂഹമാധ്യമത്തിലും വിശദീകരണം നൽകി. ദുബായ് പൊലീസിൽനിന്നു ലഭിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയാണു വിശദീകരിച്ചിരിക്കുന്നത്. സിപിഎം സമ്മേളന കാലയളവിൽ മാധ്യമങ്ങൾ പടച്ചുവിടുന്ന കള്ളക്കഥയുടെ ഭാഗമാണു കേസെന്നാണു വിമർശനം. കമ്യൂണിസ്റ്റ് വിരോധമാണു പിന്നിൽ. കേസ് അടിസ്ഥാനമില്ലാത്ത കള്ളമാണെന്നു തെളിഞ്ഞിരിക്കുകയാണ്.
ദുബായ് പൊലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ വ്യാഴാഴ്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകി. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള തീയതിയില്‍ ബിനോയിയുടെ പേരില്‍ യാതൊരു കേസും ദുബായില്‍ നിലവിലില്ലെന്നു ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സലീം ഖലീഫ അലി ഖലീഫ അല്‍ റുമൈത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റിലുണ്ടെന്നും സിപിഎം പറയുന്നു.