തിരുവനന്തപുരം∙ നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അപസ്മാരത്തെത്തുടർന്ന് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങിയ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച കാഡലിന് ന്യുമോണിയ കൂടി ബാധിച്ചത് സ്ഥിതി കൂടുതൽ മോശമാക്കി. ജീവന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോൾ നിലനിര്‍ത്തുന്നത്. കാഡലിനു വിദഗ്ധ ചികില്‍സ ഉറപ്പു വരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മരുന്നുകളോട് നേരിയ തോതിൽ മാത്രമാണു പ്രതികരണം.
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. മാതാപിതാക്കളെയും സഹോദരിയെയും ഉറ്റബന്ധുവിനെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തി ചുട്ടെരിച്ച കേസില്‍ വിചാരണ കാത്തു കഴിയുകയാണ് കാഡല്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചിരുന്ന ഇയാളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വായില്‍ നിന്ന് നുരയും പതയും വന്ന് അവശനിലയില്‍ കണ്ടെത്തിയത്. അപസ്മാര ബാധയേത്തുടര്‍ന്ന് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് അപകടകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം കാഡല്‍ നടത്തിയത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കൊലനടത്തിയതെന്ന് ആദ്യം പറഞ്ഞ കാഡല്‍ കുടുംബപ്രശ്നമാണ് കൊലയ്ക്കു കാരണമെന്ന് പിന്നീട് മൊഴിമാറ്റി.
മാനസിക നില തകരാറിലാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. മാനസിക ആരോഗ്യകേന്ദ്രത്തിലെ ചികിത്സക്ക് ശേഷം വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് ആശുപത്രിയിലാകുന്നത്.
ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കാഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു കരുതുന്നത്.