ബെംഗളുരു∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ ബെംഗളുരു എഫ്സിക്ക് എട്ടാം ജയം. ദുർബലരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളുരുവിന്റെ ജയം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ അന്റോണിയോ ഗോൺസാലസ് ഫെർണാണ്ടസ് (14), സുനിൽ ഛേത്രി (51) എന്നിവരാണ് ബെംഗളുരുവിനു വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ പോയിന്റു പട്ടികയിൽ ബെംഗളുരു വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. 47–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മാഴ്സീഞ്ഞോ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
ഐഎസ്എല്ലിൽ 12 മൽസരങ്ങൾ പൂർത്തിയാക്കിയ ബെംഗളുരു ഇതുവരെ തോറ്റതു നാലെണ്ണത്തിൽ മാത്രമാണ്. ഒരു മൽസരവും സമനിലയിലാക്കാത്ത ഏക ടീമും ബെംഗളുരുവാണ്. 24–ാം പോയിന്റാണ് അവരുടെ ആകെയുള്ള സമ്പാദ്യം. 23– പോയിന്റുമായി ചെന്നൈയിൻ എഫ്സി ബെംഗളുരുവിനു തൊട്ടുപുറകിലുണ്ട്. അതേ സമയം ഇന്നത്തെ തോൽവിയോടെ നോർത്ത് ഈസ്റ്റ് ഈ സീസണിൽ വഴങ്ങിയ തോൽവികളുടെ എണ്ണം ഏഴായി.