Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന–ജപ്പാൻ തർക്കം പരിഹരിക്കാൻ ശ്രമം; വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Japan China ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ബെയ്ജിങ്∙ വർഷങ്ങളായി ഉലഞ്ഞു നിൽക്കുന്ന ചൈന–ജപ്പാൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നീക്കം. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജപ്പാൻ വിദേശകാര്യമന്ത്രി ടാറോ കോനോയുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി.

രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ചൈനീസ് അധിനിവേശവുമായി ബന്ധപ്പെട്ടും കിഴക്കൻ ചൈനാക്കടലിലെ ദ്വീപുകളെച്ചൊല്ലിയുമാണ് ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തികളായ ജപ്പാനും ചൈനയും തമ്മിൽ ശത്രുത തുടരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ നടത്തിയ അധിനിവേശത്തെക്കുറിച്ച് പശ്ചാത്തപിക്കാൻ പോലും അവർ തയാറായില്ലെന്ന് ചൈനയ്ക്കു പരാതിയുണ്ട്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും വിയറ്റ്നാമിൽ ചർച്ച നടത്തിയിരുന്നു.

ജപ്പാൻ പ്രതിനിധിയുടെ ചൈനാ സന്ദര്‍ശനം ബന്ധം മെച്ചപ്പെടുത്താനുള്ള ജപ്പാന്റെ താൽപര്യത്തിന്റെ സൂചനയാണെന്നും ചൈന ഇത് അംഗീകരിക്കുന്നതായും ചൈനീസ് സർക്കാർ അറിയിച്ചു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ചർച്ചകൾ പുരോഗമിക്കുമ്പോഴും തടസ്സങ്ങളും തർക്കങ്ങളും ഇടയിൽ കയറി വരുന്നുണ്ടെന്ന് വാങ് യി വ്യക്തമാക്കി. സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ഇരു രാഷ്ട്രങ്ങളും അകന്നുപോകാനാണ് സാധ്യത. ഉഭയകക്ഷി ബന്ധത്തിൽ ജപ്പാന്‍ തടസ്സം സൃഷ്ടിക്കില്ലെന്നാണു പ്രതീക്ഷയെന്നും ചൈന അറിയിച്ചു.

related stories