Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു

Kalamandalam_Geethanandan_1 കലാമണ്ഡലം ഗീതാനന്ദൻ (ഫയൽ ചിത്രം)

‌‌അവിട്ടത്തൂർ (തൃശൂർ)∙ ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ(58) അന്തരിച്ചു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. 

1974ലാണ് ഗീതാനന്ദൻ കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാര്‍ഥിയായി ചേരുന്നത്. ഒൻപതാംവയസ്സിൽ തുള്ളലിൽ അരങ്ങേറി അച്ഛന്‍ കേശവൻ നമ്പീശന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങിൽ സജീവമായതിനുശേഷമാണ് ഗീതാനന്ദൻ കലാമണ്ഡലത്തിൽ എത്തുന്നത്. 1983–ൽ കലാമണ്ഡലത്തിൽ തുള്ളൽ അധ്യാപകനായി. കാൽനൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയായിരുന്നു.

വീരശൃംഖലയും തുള്ളൽ കലാനിധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചു. കഥകളിപ്പദക്കച്ചേരിയെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു അത്. കുഞ്ചൻനമ്പ്യാർക്കുള്ള ഗാനാഞ്ജലിയായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പാരിസിൽ ആദ്യമായി തുള്ളൽ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. ഫ്രാൻസിൽ 1984ൽ 10 വേദികളിൽ തുള്ളൽ അവതരിപ്പിച്ച് ശ്രദ്ധേയനായി. അദ്ദേഹം അവതരിപ്പിച്ച ‘കല്യാണസൗഗന്ധികം’ ഏറെ പ്രശംസയും പിടിച്ചു പറ്റി.

ശിഷ്യസമ്പത്തിനാലും അനുഗ്രഹീതനായിരുന്നു അദ്ദേഹം. നീനാപ്രസാദ്, കാവ്യാമാധവൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ എല്ലാ വർഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം.

കമലദളം ഉൾപ്പെടെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉൾപ്പെടെ മികവിന്റെ പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഗീതാനന്ദന്റെ മക്കളായ സനൽകുമാറും ശ്രീലക്ഷ്‌മിയും തുള്ളൽകലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ.