തിരുവനന്തപുരം ∙ കുടുംബശ്രീയുടെ ബഡ്സ് സ്കൂളുകളിലെ മാനസിക, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ജില്ലകള്‍ തോറും സംഘടിപ്പിച്ചുവന്ന ബഡ്സ് ഫെസ്റ്റിവലുകള്‍ക്ക് പരി സമാപ്തി. ഓരോ ജില്ലകളിലും മികച്ച പ്രകടനം കാഴ്ചവച്ചെത്തുന്ന കുരുന്നുകള്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ മാറ്റുരയ്ക്കും. ഫെബ്രുവരി 12, 13 തിയതികളിലായി കോഴിക്കോട്ടാണ് സംസ്ഥാനതല കലാമത്സരങ്ങള്‍.
കോഴിക്കോട് ജെഡിടി ഇസ്‌ലാം ഓര്‍ഫനേജ് ആണ് വേദി. ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച 147 ആണ്‍കുട്ടികള്‍ക്കും 119 പെണ്‍കുട്ടികള്‍ക്കുമാണ് സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം. ഏകാംഗനൃത്തം, ലളിതഗാനം, പ്രച്ഛന്ന വേഷം, മിമിക്രി, മോണോ ആക്ട്, സിനിമാഗാനം, പദ്യപരായാണം, ഉപകരണ സംഗീതം, പെയിന്‍റിങ് (ക്രയോണ്‍സ്), പെന്‍സില്‍ ഡ്രോയിങ്, സംഘനൃത്തം, അഭിനയ ഗാനം എന്നീ ഇനങ്ങളില്‍ സംസ്ഥാനതല ത്തില്‍ മത്സരങ്ങള്‍ നടക്കും.
2017 മുതലാണ് ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുടുംബശ്രീ ബഡ്സ് ഫെസ്റ്റിവലുകള്‍ ആരംഭിച്ചത്. ആദ്യ സംസ്ഥാനതല ബഡ്സ് ഫെസ്റ്റ് 2017 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. അന്ന് 64 ബഡ്സ് സ്കൂളുകളില്‍ നിന്ന് 134 കുട്ടികളാണ് സംസ്ഥാനതല മത്സരങ്ങളില്‍ മാറ്റുരച്ചത്. വൈകല്യങ്ങളുള്ള എല്ലാ വ്യക്തികളും അമൂല്യമായ മാനുഷിക വിഭവശേഷി തന്നെയാണെന്നും അവര്‍ക്കെല്ലാം തുല്യ അവസരങ്ങളും പ്രത്യേക അവകാശങ്ങളും ഉറപ്പുവരുത്തേണ്ടത് രാഷ്ട്രത്തിന്‍റെ കടമയാണെന്നും 2002-ലെ ദേശീയ വികലാംഗ നയത്തില്‍ പറഞ്ഞിരിക്കുന്നു. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ ബഡ്സ് സ്കൂളുകള്‍ക്ക് തുടക്കമിടുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള ആദ്യ സ്കൂള്‍ പ്രവര്‍ത്തനം 2004-ല്‍ ആരംഭിച്ചത്. ഇപ്പോള്‍ 64 ബഡ്സ് സ്കൂളുകളും 87 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററുകളിലുമായി (18 വയസ്സിന് മുകളില്‍ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി) ആകെ 5119 കുട്ടികള്‍ കേരളത്തിലുണ്ട്. ഇത് കൂടാതെ 200 ബഡ്സ് സ്ഥാപനങ്ങള്‍ കൂടി തുടങ്ങാന്‍ കുടുംബശ്രീയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.