Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേൾക്കാൻ ഇമ്പമുള്ള ബജറ്റ്; പക്ഷേ നടപ്പാക്കാൻ ‘വിയർക്കും’

prof-thara-thomas പ്രഫ. താര തോമസ്

ഏറെ പ്രതീക്ഷകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ കേന്ദ്ര ബജറ്റ്. എന്നാൽ പ്രഖ്യാപനങ്ങൾ വന്നു കഴിഞ്ഞപ്പോൾ എല്ലാം പ്രതീക്ഷകൾ മാത്രമായി. എങ്കിലും സാമൂഹ്യസേവന രംഗത്ത് പ്രഖ്യാപിച്ച രണ്ടു പ്രധാനകാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. അതിലൊന്ന് ദരിദ്ര കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ആരോഗ്യരക്ഷാ പദ്ധതിയാണ്. 10 കോടി ദരിദ്ര കുടുംബങ്ങളെയാണ് സർക്കാർ ഇതിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നത്. അഞ്ചു ലക്ഷം രൂപവരെയുള്ള സഹായം ഒരു കുടുംബത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്ന വിശേഷണവും ധനമന്ത്രി ഇതിനു നൽകുന്നു.

ബജറ്റ് ഒറ്റനോട്ടത്തിൽ, വിശകലനം

കേൾക്കുമ്പോൾ ഏറെ നല്ലതാണ് ഈ പദ്ധതി. എന്നാൽ ഇത് എത്ര ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയുമെന്ന് ഇപ്പോഴും വ്യക്തമല്ല. മുൻപ് ആവിഷ്കരിച്ച പല ആരോഗ്യ പദ്ധതികളും നമ്മൾ കണ്ടതാണ്. ഈ സാഹചര്യത്തിൽ കാര്യമായ ഗൃഹപാഠം ചെയ്തില്ലെങ്കിൽ നടപ്പാക്കാൻ സാധിക്കാതെ പോയ പദ്ധതികളിൽ ഒന്നായി ഇതും ഇടംപിടിക്കും. നവോദയ വിദ്യാലയങ്ങളുടെ മാതൃകയിൽ ‘ഏകലവ്യ’ സ്കൂളുകൾ തുടങ്ങാനുള്ള തീരുമാനമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. അ‍ൻപതു ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യ അഥവാ 20,000 പട്ടികവർഗക്കാരെങ്കിലും അധിവസിക്കുന്ന ബ്ലോക്കുകളിൽ 2022 ഓടെ ‘ഏകലവ്യ’ സ്കൂളുകൾ ആരംഭിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. നിരവധി പരീക്ഷണങ്ങളുടെ വേദി കൂടിയാണ് രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖല. ബജറ്റ് അവതരിപ്പിക്കുമ്പോൾ മന്ത്രിമാരുടെ പ്രഖ്യാപനത്തിൽ സ്കൂളുകൾ പതിവായി ഇടം പിടിക്കുകയും ചെയ്യുന്നു. ബ്ലാക് ബോർഡ് ഡിജിറ്റൽ ആക്കും, സ്കൂളുകളുടെ അടിസ്ഥാന സൗകര്യം കൂട്ടും എന്നൊക്കെയുള്ളവ അതിൽ ചിലതു മാത്രം. അത്തരമൊരു പരീക്ഷണമായി ഇതിനെയും വിലയിരുത്താം. നാളുകൾ കടന്നുപോയിട്ടും രാജ്യത്തെ സ്കൂൾ വിദ്യാഭ്യസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ മാറി മാറി വരുന്ന വിവിധ സർക്കാരുകൾക്കായിട്ടില്ലെന്നത് ഇതിനോടു ചേർത്തു വായിക്കണം.

രാജ്യത്തെ വിലക്കയറ്റം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പെട്രോൾ, ഡീസൽ ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനയാണ് ഇതിന്റെ പ്രധാനകാരണം. അടുത്തതായി ബസ് യാത്രാനിരക്കും ഉയരാൻ പോകുന്നു. ഈ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ അടിയന്തരമായി എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന് ഈ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല.

ഇറക്കുമതി തീരുവ കൂട്ടിയത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് നല്ലതാണ്. ഉൽപന്നങ്ങൾ അമിതമായി ഇറക്കുമതി ചെയ്യാനുള്ള പ്രവണത ഒരു പരിധിവരെ കുറയും. രാജ്യത്തെ നിർമാണ കേന്ദ്രങ്ങൾ വഴി മെയ്ക്ക് ഇൻ ഇന്ത്യ ഉൽപന്നങ്ങൾ കൂടുതലായി പുറത്തിറങ്ങുന്നതിനും കൂടുതൽ തൊഴിലവസരത്തിനും ഇത് സഹായകമാകും. അതേസമയം, വീണ്ടും ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗുണകരമാകില്ല. എയർ ഇന്ത്യയെ ആണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെങ്കിലും വരും വർഷങ്ങളിൽ മറ്റു പല പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഇങ്ങനെ വിറ്റഴിക്കാനിടയുണ്ട്.

രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കാനുള്ള നീക്കം ശ്രദ്ധേയമാണ്. സ്വകാര്യവൽക്കരണം പ്രോൽസാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു ചിന്തിച്ചാൽ തെറ്റില്ല. അടുത്തിടെ ബജറ്റുകളിൽ ‘സ്ത്രീ ശാക്തീകരണം’ പ്രധാന വിഷയമായി കടന്നുവരാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല എന്നതു പോരായ്മയാണ്.

(കോട്ടയം ബസേലിയസ് കോളജ് അധ്യാപികയാണ് ലേഖിക)

related stories