സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി: പി.രാജു തുടരും

പി.രാജു

കൊച്ചി∙ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജു തുടരും. സെക്രട്ടറിയെ ഏകകണ്ഠേനയാണു തിരഞ്ഞെടുത്തതെങ്കിലും ജില്ലാ കൗണ്‍സിലിലേക്ക് മല്‍സരം നടന്നു. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍നിന്ന് കൂടുതല്‍ ആളുകള്‍ സിപിഐയിലെത്തുമെന്ന് പി.രാജു പറഞ്ഞു.

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചയാൾ‌ക്കെതിരെ മല്‍സരിച്ചാണ് കഴിഞ്ഞ തവണ പി.രാജു ജില്ലാ സെക്രട്ടറിയായത്. ഇത്തവണ രാജു അല്ലാതെ ആരും പരിഗണനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ജില്ലാ കൗണ്‍സിലിലേക്ക് മല്‍സരം നടന്നു. അന്‍പത്തിയൊന്നംഗ ഔദ്യോഗിക പാനലിനെതിരെ ഒന്‍പതുപേര്‍ മല്‍സര രംഗത്തുവന്നു. നേതൃത്വം ഇടപെട്ടെങ്കിലും മൂന്നുപേര്‍ മാത്രം പിൻമാറി. അതേസമയം, മല്‍സരിച്ച ആറുപേരും തോറ്റു. ഇന്നലെ വൈകിട്ട് അവസാനിക്കേണ്ടിയിരുന്ന സമ്മേളനം തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്നു രാവിലെ എട്ടു വരെ നീണ്ടു.

സിപിഎമ്മില്‍നിന്ന് സിപിഐയിലെത്തിയ ടി.രഘുവരനെയും എം.ഡി.ആന്റണിയെയും ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇരുവര്‍ക്കുമെതിരെ ജില്ലാ സമ്മേളനവേദിക്കു സമീപം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കു പിന്നില്‍ സിപിഎമ്മാണെന്ന് പി.രാജു ആരോപിച്ചു. ജില്ലാ കൗണ്‍സിലില്‍നിന്ന് ചില യുവനേതാക്കളെ ഒഴിവാക്കാനായി മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് മല്‍സരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും വിമര്‍ശനമുണ്ട്.