Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയിയെ സഹായിക്കാൻ വ്യവസായ പ്രമുഖർ; ദുബായ് കേസ് ഒത്തുതീർപ്പിലേക്ക്

Binoy Kodiyeri സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി.

ദുബായ്/ തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ ഊർജിതശ്രമം. കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർപ്പാക്കാനാണു ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ട്. യുഎഇയിലെ യാത്രാവിലക്കു നീക്കുന്നതിനു നിയമപരമായി നടത്തുന്ന നീക്കങ്ങൾ ഉദ്ദേശിച്ചത്ര ഫലപ്രദമാകാത്തതിനാലാണ് ഒത്തുതീർപ്പിലേക്കു കാര്യങ്ങളെത്തിയത്.

ജാസ് ടൂറിസം ഉടമ ഹസൻ ഇസ്മായിൽ മർസൂഖിക്ക് 1.75 കോടി രൂപ (10 ലക്ഷം ദിർഹം) നൽകി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കേരളത്തിൽ നിന്നുള്ള ചില വ്യവസായ പ്രമുഖരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കേരളത്തിലും ദുബായിലും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായാണു വിവരം. നിലവിൽ ദുബായിലുള്ള ബിനോയിക്കു കഴിഞ്ഞ ദിവസം യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പത്തുലക്ഷം ദിർഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണു യാത്രാവിലക്ക്.

അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ ഇളയമകൻ ബിനീഷ് കോടിയേരിക്കെതിരെയും ദുബായിൽ കേസുണ്ടെന്ന റിപ്പോർട്ടു വന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നുള്ള ക്രിമിനൽ കേസിൽ ദുബായ് കോടതി ബിനീഷിനു രണ്ടുമാസം ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്. ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും.

സൗദി അറേബ്യയിലെ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 10നാണു ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തിൽ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാൽ ഇബ്രാഹിം നൽകിയ പരാതിയിൽ പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റർ ചെയ്തത്.

അതേസമയം, ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരെ ദുബായിൽ കൂടുതൽ കേസുകളുണ്ടെന്നു വ്യക്തമായി. വിവിധ സ്റ്റേഷനുകളിലായി എട്ടു കേസുകളാണു ശ്രീജിത്തിനെതിരെയുള്ളത്. ഏകദേശം ഒരു കോടി ദിർഹത്തിന്റെ തട്ടിപ്പു നടത്തിയ ശേഷമാണു ശ്രീജിത്ത് ദുബായ് വിട്ടത് എന്നാണ് അറിയുന്നത്. തൊഴിലാളികൾക്കു ശമ്പളം നൽകാതിരുന്നതിന്റെ പേരിൽ ശ്രീജിത്തിന് എതിരെ ലേബർ കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. വണ്ടിച്ചെക്കു നൽകിയ കേസിൽ കഴിഞ്ഞ മേയിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു.