ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും മകൻ രാജീവ് ഗാന്ധിയും രക്തസാക്ഷികളാണെന്ന കാര്യം വിമർശകർ മറക്കരുതെന്നു തൃണമൂൽ കോൺഗ്രസ് എംപി ദിനേശ് ത്രിവേദി. ലോക്സഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായി ഇന്ദിരയോടും രാജീവിനോടും മറ്റു രാഷ്ട്രീയപാർട്ടികൾക്കു വിയോജിപ്പുണ്ടാകാം. അടിയന്തരാവസ്ഥയെച്ചൊല്ലി എതിർപ്പുമുണ്ടാകാം. എന്നാൽ അവർ രാജ്യത്തിനുവേണ്ടിയാണു ജീവൻ നഷ്ടപ്പെടുത്തിയതെന്ന വസ്തുത മറന്നുകളയരുതെന്നും ദിനേശ് ത്രിവേദി പറഞ്ഞു.
കുടുംബാധിപത്യം, അഴിമതി, മോശമായ ഭരണനിർവഹണം തുടങ്ങിയ ആരോപണങ്ങളുമായി ബുധനാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ കടന്നാക്രമിച്ചതിനു പിന്നാലെയാണു തൃണമൂൽ നേതാവിന്റെ പരാമർശം.