ന്യൂഡൽഹി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പൊളിറ്റ് ബ്യൂറോ നിലപാടു വ്യക്തമാക്കണമെന്നു ബംഗാൾ ഘടകം. വിവാദം പാർട്ടിയുടെ പ്രതിച്ഛായ കെടുത്തിയെന്നു ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തി.
കേരള നേതൃത്വം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാൾ ഘടകം നിലപാടെടുത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണു കേരള ഘടകത്തിലെ വിഷയങ്ങൾ ചർച്ചയായത്. മാനവ് മുഖർജി, മൊയ്നുൽ ഹസൻ എന്നിവരാണു വിഷയം ഉന്നയിച്ചത്.
കേസ് പാർട്ടിക്കു തീരാകളങ്കമുണ്ടാക്കി. സംസ്ഥാന സെക്രട്ടറിയുടെ മകൻ ഇത്തരം ആരോപണങ്ങളിൽ ഉൾപ്പെട്ടതു പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇക്കാര്യത്തിൽ പിബി നിലപാട് അറിയിക്കണം എന്നുമാണ് സംസ്ഥാന സമിതിയുടെ ആവശ്യം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിഷയത്തിൽ യച്ചൂരിയെ കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ ശരിയായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.