തിരുവനന്തപുരം ∙ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നതിൽ രാജ്യത്തിനു തന്നെ മാതൃകയായ മലയാളികൾക്ക് ഇന്ത്യൻ റയിൽവേ കാത്തുവയ്ക്കുന്നത് ആശുപത്രികളിലെ ‘പേഷ്യന്റ് ടിക്കറ്റി’ലേക്കുള്ള അതിവേഗ യാത്ര.
റയിൽവേ സ്റ്റേഷനിൽ ബോഗികളിൽ വെള്ളം നിറയ്ക്കുന്ന ഹോസുകൾ ഡ്രെയിനേജിൽ മുങ്ങിക്കുളിച്ച് യാത്ര ചെയ്യുന്ന കാഴ്ച കണ്ടാൽ ഇപ്പറഞ്ഞതിൽ അതിശയോക്തിയൊന്നും തോന്നില്ല. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നാണ് രോഗം പരത്തുന്ന ഈ കാഴ്ച.
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള ഹോസുകൾ ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേക്കുളള യാത്രയിൽ ഓടയിലെ നാറിയ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്ന കാഴ്ചയാണ് ഈ റിപ്പോർട്ടിനൊപ്പമുള്ള വിഡിയോയിൽ. മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ ഈ ചാലുകളിലെ മലിനജലത്തിൽ കോളിഫോം ബാക്ടീരിയ അടക്കം രോഗം പരത്തുന്ന ഘടകങ്ങൾ ഏറെയാണ്. ഈ മാലിന്യത്തിൽ മുങ്ങിനിവരുന്ന ഹോസുകൾ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളിൽ യാത്രക്കാർ മുഖം കഴുകാനും മറ്റും ഉപയോഗിക്കുന്നത്.
പാൻട്രി സൗകര്യമുള്ള കോച്ചുകളിൽ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത് ഈ ഹോസുകളിലൂടെ നിറയ്ക്കുന്ന വെള്ളമാണെന്നതു കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് റയിൽവേ നൽകുന്നത് രോഗഭീതിയുടെ ‘സൂപ്പർ ഫാസ്റ്റ്’ സാധ്യതകളാണ്.
സ്റ്റേഷനിൽ ശുചിത്വമുറപ്പിക്കാൻ ട്രാക്കുകളിൽ ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാരുടെയും സ്ഥിതിയും ഇതോടൊപ്പം ചേർത്തുവായിക്കണം. വേണ്ട ശുചിത്വ സംവിധാനങ്ങൾ കൂടാതെയാണ് ഇവരുടെ ജോലി. മാലിന്യം നിറഞ്ഞ പാളങ്ങൾക്കിടയിൽ ജീവിതം കുരുപ്പിടിപ്പിക്കുന്ന ഇവർക്ക് മാലിന്യം കടക്കാത്ത ഷൂസുകളോ പ്രത്യേക യൂണിഫോമോ ഇല്ല. ഒരേസമയം ശുചീകരണ അനുബന്ധ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യം തുലാസിലാക്കുകയാണ് റയിൽവേ.
റെയിൽപാളത്തിൽ കൂകിപ്പായുന്ന ‘വിമാനം’; വേണാട് എക്സ്പ്രസ് സൂപ്പറാ !