ശ്രീനഗർ∙ ജമ്മുവിൽ സുൻജ്വാൻ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അഞ്ചു ജവാന്മാർ വീരമൃത്യു വരിച്ചു. ഇവരിൽ രണ്ട് ജൂനിയർ കമ്മിഷൻഡ് ഓഫിസർ(ജെസിഒ)മാരുമുണ്ട്. കൊല്ലപ്പെട്ടവരിൽ ആറാമത്തെയാൾ ഒരു ജവാന്റെ പിതാവാണ്. സൈന്യത്തിന്റെ തിരിച്ചടിയിൽ നാലു ജയ്ഷെ മുഹമ്മദ് ഭീകരരും കൊല്ലപ്പെട്ടു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ പത്തു പേർക്കു പരുക്കറ്റു. ഇവരിൽ ഒരാൾ ഗർഭിണിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവർക്ക് രാത്രിയിലുടനീളം വിദഗ്ധ ചികിത്സ ലഭ്യമാക്കി. പ്രസവവും സുഗമമായി നടന്നു– അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടൽ തുടരുന്ന സുൻജ്വാൻ ക്യാംപിനു സമീപത്തു നിന്നു വിട്ടുനിൽക്കണമെന്നു സൈന്യം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒട്ടേറെ പേർ മേഖലയിൽ സംഘം ചേർന്നു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ജമ്മു (സൗത്ത്) പൊലീസ് സൂപ്രണ്ട് സന്ദീപ് ചൗധരിയുടെ നിർദേശം. ആക്രമണം നടക്കുന്ന സാഹചര്യം മുതലെടുത്ത് സാമുദായിക സംഘർഷത്തിനു ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സന്ദീപ് അറിയിച്ചു. അതേസമയം ആക്രമണം നടക്കുന്ന ക്യാംപിൽ തമ്പടിച്ചിരിക്കുന്ന സൈന്യത്തിനും മാധ്യമപ്രവർത്തകർക്കും ഭക്ഷണം ഉൾപ്പെടെ നൽകി സഹായിക്കാൻ പ്രദേശവാസികൾ രംഗത്തു വന്നു.
ജമ്മു കശ്മീരിലെ സുരക്ഷാസ്ഥിതിയെപ്പറ്റി ധരിപ്പിക്കാൻ ഗവർണർ എൻ.എൻ.വോഹ്റ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു. സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കശ്മീരിലെത്തി സ്ഥിഗതികൾ വിലയിരുത്തി.
ജെസിഒ മദൻ ചൗധരി (49), സുബേധാർ മുഹമ്മദ് അഷറഫ്, ഹവിൽദാർ ഹബീബുല്ല ഖുറേഷി (42) തുടങ്ങിയവരാണു വീരമൃത്യു വരിച്ചത്. മദൻലാലിന്റെ മകൾക്കും ആക്രമണത്തിൽ പരുക്കേറ്റു. സ്കൂൾ അവധി പിതാവിനൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു മകൾ.
ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ ക്യാംപിനുള്ളിൽ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചതോടെ ഭീകരർ ക്യാംപിനുള്ളിലെ ഒരു ക്വാർട്ടേഴ്സിൽ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാർട്ടേഴ്സ് വളഞ്ഞു കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയായിരുന്നു.
ആക്രമണം നടക്കുന്ന സമയം നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ ക്യാംപിലുണ്ടായിരുന്നു. ക്യാംപിൽ സ്ത്രീകളും കുട്ടികളുമുള്ളതിനാൽ വളരെ ശ്രദ്ധയോടെയാണു സൈനിക നടപടിയെന്നു പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. കൂടുതൽ ഭീകരർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു നിരീക്ഷണം ശക്തമാക്കി. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) കരസേനയുടെ പ്രത്യേക ദൗത്യസംഘവുമാണു നടപടികൾക്കു നേതൃത്വം നൽകുന്നത്. സിആർപിഎഫും പൊലീസും പുറത്തു നിലയുറപ്പിച്ചിട്ടുണ്ട്.
പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ ചരമവാർഷികമായ ഫെബ്രുവരി ഒൻപതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. 15 മാസത്തിനു ശേഷമാണു ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ആക്രമണം നടക്കുന്നത്.
2016 നവംബർ 29നു ജമ്മുവിലെ നെഗ്രോട്ട ക്യാംപ് ആക്രമിച്ച ഭീകരർ ഏഴു സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്നു ഭീകരരെ അന്നു സൈന്യം വധിച്ചു. അതേസമയം, 2003ൽ ഇതേ ക്യാംപിനു നേർക്കു ഭീകരാക്രമണം ഉണ്ടായിരുന്നു. അന്ന് 12 സൈനികർക്കും മറ്റ് ഏഴുപേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.