ശ്രീനഗർ∙ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. കാറിലെത്തിയ ഇയാൾ ഫാറൂഖ് അബ്ദുല്ലയുടെ ഭട്ടിൻഡിയിലെ വീട്ടിലെ സുരക്ഷാ ബാരിക്കേഡില്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
പിന്നാലെ വീട്ടിലെ വസ്തുക്കൾ അടിച്ചുതകർക്കാനും ശ്രമമുണ്ടായെന്നാണ് വിവരം. ഇതേത്തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് ഇയാൾ മരിച്ചത്. സുരക്ഷാസേനാംഗങ്ങളിൽ ഒരാൾക്കു അക്രമത്തിൽ പരുക്കേറ്റു.
പൂഞ്ച് സ്വദേശിയായ മുർഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് ജമ്മു മേഖലാ ഐജി എസ്.ഡി. സിങ് ജാംവാൾ അറിയിച്ചു. വിഐപി കവാടത്തിലൂടെ എസ്‌യുവിയിൽ കടന്നെത്തിയ ഇയാൾ ആയുധധാരിയായിരുന്നില്ലെന്നും ഐജി വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
ജമ്മുവിലെ ബാൻ തലാബിൽ തോക്കു ഫാക്ടറി നടത്തുന്നയാളാണ് കൊല്ലപ്പെട്ട മുർഫാസിന്റെ പിതാവെന്നും റിപ്പോർട്ടുകളുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള ഫാറൂഖിന്റെ വസതിയിൽ ഉണ്ടായ അതിക്രമം വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനഗറിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുല്ല പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലായിരുന്നു. സം ഭവത്തെക്കുറിച്ച് അറിഞ്ഞെന്നും മുൻവശത്തെ കവാടംവഴി കടന്നെത്തിയയാൾ വീടിന്റെ മുകളിലത്തെ നില വരെയെത്തിയെന്നും ഫാറൂഖിന്റെ മകൻ ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
അതേസമയം, കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ കില്ലോറ ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടു മുതലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ചു ലഷ്കറെ തയിബ ഭീകരരെ വധിച്ചു. രഹസ്യവിവരത്തെത്തുടർന്ന് സൈന്യം കില്ലോറ ഗ്രാമം വളഞ്ഞപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ ഡിജിപി എസ്.പി.വൈദ് അറിയിച്ചു. ഇന്നലെ സോപൂർ ജില്ലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു.