തിരുവനന്തപുരം∙ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഡോ. എൻ.സി.അസ്താനയാണു പുതിയ വിജിലൻസ് ഡയറക്ടർ. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 1986 ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡിജിപി റാങ്കിലുള്ള അസ്താന. നിലവിൽ ഡൽഹിയിൽ കേരളത്തിന്റെ ‘ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി’ ചുമതലയാണു വഹിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡർ പദവിയിലുള്ള വിജിലൻസ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ കേഡർ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ നിലവിലുള്ളപ്പോൾ കേഡർ തസ്തികയിൽ മറ്റാരെയും നിയമിക്കാൻ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാൾ വഹിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡർ തസ്തികയിൽ ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്രസർക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സ്ഥിരം വിജിലൻസ് ഡയറക്റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമർശിച്ചിരുന്നു. എന്നാൽ, ബെഹ്റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാൽ സർക്കാർ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതിൽ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്. സെൻകുമാർ വിരമിച്ച ശേഷം ബെഹ്റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി. ഇതിനു മുൻപ് ഒരു സർക്കാരും ഈ രണ്ടു സുപ്രധാന പദവികളിൽ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.