Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിയെപ്പറ്റിയാണു പറയുന്നതെങ്കിൽ മോദി ജയ്ഷായെപ്പറ്റി സംസാരിക്കൂ: രാഹുൽ

Rahul Gandhi, Narendra Modi കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി

റായ്ച്ചൂർ∙ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായ അഴിമതിയാരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് ശ്രമം. ജയ് ഷായ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയില്‍ കോൺഗ്രസ് നടത്തുന്ന ജനാശിർവാദ് യാത്രയിലാണ് രാഹുലിന്റെ പരാമർശം.

പ്രധാനമന്ത്രി അഴിമതിയെക്കുറിച്ചാണു സംസാരിക്കുന്നതെങ്കിൽ അമിത് ഷായുടെ മകന്‍റെ അഴിമതിയെക്കുറിച്ച് കുറച്ചെങ്കിലും പറയൂ. 50,000 രൂപയുമായി തുടങ്ങി മൂന്നു മാസം കൊണ്ട് 80 കോടി ജയ് ഷാ എങ്ങനെയുണ്ടാക്കിയെന്നു പറയൂ. ഇതാണു പ്രധാനമന്ത്രി രാജ്യത്തോടു പറയേണ്ടത്. – രാഹുൽ വിമർശിച്ചു.

കർണാടകയിലെ ബിജെപി നേതാക്കളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കണം. ജയിലിൽ കിടന്ന ബി.എസ്. യെദിയൂരപ്പ ഇവിടെയുണ്ട്. ഇതിനു പുറമെ ബിജെപിയുടെ നാലു മുൻ മന്ത്രിമാരും അഴിമതിക്കേസിൽ ജയിലിലെത്തി. രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കർഷകരുടെ പ്രശ്നങ്ങൾ നേരിടുന്നതിലും പ്രധാനമന്ത്രി ദയനീയമായി പരാജയപ്പെട്ടു. 24 മണിക്കൂറിൽ അരലക്ഷം യുവാക്കൾക്ക് എന്ന കണക്കിൽ തൊഴില്‍ നൽകാൻ ചൈനയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചൈനയോടു മൽസരിക്കുന്ന ഇന്ത്യയുടെ ഭരണാധികാരി അവിടെയും പരാജയപ്പെട്ടു.

കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ പോലും പ്രധാനമന്ത്രി തയാറല്ല. ഇക്കാര്യം പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതാണ്. കർണാടകയിൽ‌ സംസ്ഥാന സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടിയെടുത്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.