കോട്ടയം ∙ രാഷ്ട്രീയ കേരളം രക്തനിറത്തിൽ അടയാളപ്പെടുത്തുന്ന നെരിപ്പോടാണ് കണ്ണൂർ. ഏതു നിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനൽ. 50 വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ജീവനറ്റത് ഇരുന്നൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവർത്തകരുടെ. നഷ്ടക്കണക്കുകളിൽ മുൻപിൽ സിപിഎമ്മും ബിജെപി – ആർഎസ്എസുമാണെങ്കിലും കോൺഗ്രസും മുസ്‌ലിം ലീഗും എൻഡിഎഫും പട്ടികയിലുണ്ട്. അപൂർവം സന്ദർഭങ്ങളിൽ നേതാക്കൾക്കുനേരെ കൊലക്കത്തി ഉയർന്നത് ഒഴിച്ചാൽ മരിച്ചുവീണതിൽ അധികവും സാധാരണ പ്രവർത്തകർ. അറ്റുപോയത് കുടുംബങ്ങളുടെ അത്താണികളും.
1969 ഏപ്രിൽ 28ന് ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടതാണ് കണ്ണൂരിന്റെ വടിവാൾ രാഷ്ട്രീയത്തിലെ ആദ്യ സംഭവം. കമ്മ്യൂണിസ്റ്റുകാരായിരുന്നു പ്രതിസ്ഥാനത്ത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം പ്രവർത്തകർ പ്രതിയായെങ്കിലും പ്രതിപ്പട്ടികയിൽ നിന്ന് പിണറായി പിന്നീട് ഒഴിവാക്കപ്പെട്ടു.
രാഷ്ട്രീയ എതിരാളിയെ നിർദാക്ഷിണ്യം അരിഞ്ഞു തള്ളുന്ന ഭയാനകമായ ‘കണ്ണൂർ മോഡൽ’ ആരംഭിച്ചത് ഇവിടെനിന്നാണ്. വാടിക്കൽ രാമകൃഷ്ണൻ കേസിലെ പ്രതികളെയെല്ലാം കോടതി പിന്നീടു വിട്ടയച്ചു. എന്നാൽ 1969ൽ കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനു സിപിഎം നൽകിയ തിരിച്ചടിയായിരുന്നു ആ കൊലപാതകം എന്ന അർഥത്തിൽ പി.ജയരാജൻ അടുത്തിടെ നടത്തിയ ‘വരമ്പത്ത് കൂലി’ പ്രയോഗം വിവാദമായിരുന്നു.

എഴുപതുകളിലെ തലശ്ശേരി കലാപത്തോടെ കൊല്ലപ്പെട്ട യു.കെ.കുഞ്ഞിരാമനായിരുന്നു കണ്ണൂരിൽ സിപിഎമ്മിന്റെ അറിയപ്പെട്ട ആദ്യ രക്തസാക്ഷി. കേസിൽ പ്രതിസ്ഥാനത്ത് ആർഎസ്എസും. കലാപത്തിനു പിന്നാലെ രാഷ്ട്രീയ വൈരാഗ്യം മൂർച്ഛിച്ചത് സിപിഎമ്മും ബിജെപിയും തമ്മിൽ. പിന്നീട് 1970–80 കാലഘട്ടത്തിൽ സിപിഎം–കോൺഗ്രസ് സംഘർഷത്തിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. കെ. സുധാകരൻ എന്ന നേതാവിനു കീഴിൽ കോൺഗ്രസും ശക്തി പ്രാപിച്ചതോടെ ജില്ലയ്ക്കു ഭീതിയുടെ നാളുകളായി.
തൊണ്ണൂറുകളിൽ കോൺഗ്രസിന്റെ സ്ഥാനത്തേക്കു വീണ്ടും ആർഎസ്എസ് എത്തി. ‘ചോരയ്ക്ക് ചോര’ എന്ന നിലപാടിലേക്ക് ഇരുകൂട്ടരും എത്തിയതോടെ തുടരെ സിപിഎം–ആര്‍എസ്എസ്–ബിജെപി സംഘർഷങ്ങൾ. ഇതിനിടെ ഒരുവേള നേതാക്കൾക്കു നേരെയും കൊലക്കത്തി ഉയർന്നു. പി. ജയരാജനെ അക്രമിസംഘം അരിഞ്ഞു വീഴ്ത്തിയെങ്കിലും മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടു.

ഇ.പി. ജയരാജനെയും വകവരുത്താൻ ശ്രമമുണ്ടായി. പക്ഷേ, ഉയിരെടുക്കാനായില്ല. എസ്എഫ്ഐ നേതാവായിരുന്ന കെ.വി.സുധീഷിനെ വധിച്ചതും യുവമോർച്ചാ നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ സ്‌കൂൾ ക്ലാസ് മുറിയിൽ കയറി വിദ്യാർഥികൾക്കു മുൻപിൽ വെട്ടിക്കൊന്നതും ഇക്കാലത്താണ്. സമാനതകളില്ലാത്ത രാഷ്ട്രീയ പകപോക്കലായിരുന്നു 1999 ഡിസംബർ ഒന്നിനു നടന്ന ജയകൃഷ്ണൻ മാസ്റ്റർ വധം.
കെ.വി. സുധീഷ് വധം മറ്റൊരു അക്രമശൈലിയുടെ തുടക്കം കൂടിയായിരുന്നു. 1994 ജനുവരി 24നു രാത്രി ഇരച്ചെത്തിയ അക്രമിസംഘം വീട്ടിൽ ഉറങ്ങിക്കിടന്ന സുധീഷിനെ മാതാപിതാക്കളുടെ കൺമുൻപിലിട്ടാണ് കൊത്തിയരിഞ്ഞത്. വീടാക്രമിച്ച് ഉറ്റവരുടേയും ഉടയവരുടേയും കൺമുന്നിലിട്ടു ‘വെട്ടിത്തീർക്കുന്ന’ പുതിയ കണ്ണൂർ പാഠത്തിനു തുടക്കമിട്ടത് സുധീഷ് വധത്തോടെയാണ്. പിന്നീട് രാമചന്ദ്രന്റെയും ധനരാജിന്റെയും വീടുകയറി നടപ്പാക്കിയതും ഇതേ കാട്ടുനീതി. അവിടെയും തീർന്നില്ല, കൂട്ടക്കുരുതി തുടർന്നുകൊണ്ടേയിരുന്നു.
ഷുഹൈബിനെ പിടിച്ചുനിർത്തി വെട്ടി; രണ്ടുപേർ കാൽമുട്ടിനു താഴെ അറുത്തുമാറ്റി...
ജില്ലയിലെ രാഷ്‌ട്രീയ സംഘർഷത്തിൽ ബസിൽ കൊലചെയ്യപ്പെട്ട ആദ്യ വ്യക്‌തിയാണ് മാവിലോട്ട് മഹമൂദ്. തലശേരിയിൽ സിപിഎം-ആർഎസ്എസ് ഏറ്റുമുട്ടൽ നടന്ന കാലത്താണ് മഹമൂദ് കൊലക്കത്തിക്ക് ഇരയായത്. കാഞ്ഞിലേരിയിലെ കോൺഗ്രസ് പ്രവർത്തകൻ സത്യൻ, ചെറുവാഞ്ചേരിയിലെ ചോയൻ രാജീവൻ, വിക്രം ചാലിൽ ശശി, ചെല്ലട്ടൻ ചന്ദ്രൻ, ആർഎസ്എസ് പ്രവർത്തകനും ബസ് ഡ്രൈവറുമായിരുന്ന ചാലശേരിയിലെ ഉത്തമൻ, അശ്വനികുമാർ എന്നിവരും ബസ് യാത്രയിലാണ് കൊല്ലപ്പെട്ടത്. ഇതിൽ ഉത്തമൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടത് പകൽവെളിച്ചത്തിൽ.

1998–2000 വർഷങ്ങളിലും 2008–2009 വർഷങ്ങളിലുമാണ് കണ്ണൂരിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്. ഈ അഞ്ചു വർഷങ്ങളിൽ കൊല്ലപ്പെട്ടത് നാൽപത്തിയഞ്ചോളം പേർ. സിപിഎം–ബിജെപി സംഘർഷത്തിനു പുറമേ ഏറെ ചര്‍ച്ചയായ കേസുകളിലൊന്നായിരുന്നു അരിയിൽ ഷുക്കൂര്‍ വധക്കേസ്. മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫ് നേതാവുമായ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നുളള പ്രതികാരമാണ് ഷൂക്കൂറിന്റെ വധത്തിൽ കലാശിച്ചതെന്നാണ് ആരോപണം ഉയർന്നത്. ‘പാർട്ടികോടതി’ വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തൽ വൻ രാഷ്ട്രീയ കോലാഹലമുണ്ടാക്കി. കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് വ്യാപക അക്രമങ്ങളുമുണ്ടായി.
കോഴിക്കോട് വടകരയിൽ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലപ്പെട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിലും പൊലീസ് നടപടിയിലും കണ്ണൂരും അൽപം ശാന്തമായി. എന്നാൽ അധികകാലം ഇതു നീണ്ടുനിന്നില്ല. 2014 സെപ്റ്റംബറിൽ ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ടതോടെ കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയം ദേശീയ തലത്തിൽതന്നെ വീണ്ടും ചർച്ചയായി.
ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷാ പ്രമുഖ് ആയ മനോജിനെ ബോംബ് എറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കേന്ദ്ര ഭരണംകൂടി കയ്യിലിരിക്കെ മനോജിന്റെ കൊലപാതകം സിപിഎമ്മിനെതിരെ ദേശീയതലത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപിക്കു സാധിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെ കേസിൽ പ്രതികളായി.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യുഎപിഎ അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റവും ചുമത്തിയ കേസായി മനോജ് വധം മാറി. കേസ് സിബിഐ ഏറ്റെടുത്തു. 2017ലെ സംസ്ഥാന സ്കൂൾ കലോൽസവത്തിനിടെ കലോൽസവ നഗരിക്ക് കിലോമീറ്ററുകൾ അകലെ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതും കണ്ണൂരിന്റെ ചോരക്കളിയിലെ ഏടുകളാണ്.
കൊലപാതകം ഒഴിഞ്ഞു നിന്ന കാലത്തും കണ്ണൂർ അശാന്തമായിരുന്നു. അക്രമങ്ങൾ പതിവുപോലെ നടന്നു. കൊലചെയ്യാതെ രാഷ്ട്രീയ എതിരാളികളെ സാരമായി പരുക്കേൽപിച്ചു ജീവച്ഛവമാക്കുന്ന രീതിയും ഇടക്കാലത്തു കണ്ടു. രാഷ്ട്രീയ അക്രമങ്ങളുടെ സീസണായി അറിയപ്പെടുന്ന ഡിസംബറിൽ ഇത്തവണ മരണകാരണമായ അക്രമങ്ങളുണ്ടായില്ലെങ്കിലും പാനൂർ, മട്ടന്നൂർ, മാലൂർ മേഖലകളിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ പലതവണ സംഘർഷമുണ്ടായി. ആക്രമണവും പ്രത്യാക്രമണവും ദിവസേന തുടർന്നതോടെ ഡിസംബർ 27നു കണ്ണൂരിൽ കലക്ടർ സമാധാനയോഗം വിളിച്ചു.

സിപിഎം, ബിജെപി, ആർഎസ്എസ് നേതാക്കൾ പങ്കെടുത്ത യോഗം പതിവുപോലെ സമാധാനത്തിന് ആഹ്വാനം നൽകി അവസാനിച്ചെങ്കിലും തൊട്ടുപിന്നാലെ പാനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. കതിരൂർ, കൂത്തുപറമ്പ്, ധർമടം എന്നിവിടങ്ങളിലും സിപിഎം–ബിജെപി സംഘർഷങ്ങളുണ്ടായി. പയ്യന്നൂർ, നടുവിൽ എന്നിവിടങ്ങളിലാണു സിപിഎം–മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതു തന്നെയായിരുന്നു എക്കാലത്തും കണ്ണൂരിന്റെ രീതി. പിന്നാലെ ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാം പ്രസാദ് വെട്ടേറ്റു മരിച്ചു. പ്രതിസ്ഥാനത്ത് എത്തിയത് എസ്ഡിപിഐ.
ചോരക്കൊതി തീരാത്ത നാട്ടിൽ സൗഹൃദത്തിന്റെ നെഞ്ചിലേക്കുപോലും രാഷ്ട്രീയം കത്തികയറ്റുന്നത് ആർക്കുവേണ്ടിയെന്നതും എന്തിനുവേണ്ടിയെന്നതും ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണ്. ഈ പകപോക്കലിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ്. ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന്റെ രക്തസാക്ഷി. ആരോപണങ്ങൾ സിപിഎമ്മിലേക്കും. വീണ്ടും ഭീതിയുടെ കാർമേഘങ്ങൾ ഉറഞ്ഞുകൂടുകയാണ്. ഇതിനൊരു അവസാനം കാണാൻ ആരു മുൻകൈ എടുക്കണം?