Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും അട്ടിമറി; ബഗാനു പിന്നാലെ ഈസ്റ്റ് ബംഗാളിനെയും വീഴ്ത്തി ഗോകുലം (2-1)

Gokulam-East-Bengal ഗോകുലം കേരളാ എഫ്സി – ഈസ്റ്റ് ബംഗാൾ മൽസരത്തിൽനിന്ന്. ചിത്രം: മനോരമ

കോഴിക്കോട്∙ ഉണരാൻ അൽപം വൈകി. ഉണർന്നപ്പോഴോ? എതിരാളികൾക്ക് പിടിപ്പതു പണിയും! ഐ ലീഗ് ഫുട്ബോളിൽ കരുത്തരായ മോഹൻ ബഗാനെ അട്ടിമറിച്ചതിന്റെ അലയൊലികൾ അടങ്ങും മുൻപേ അയർക്കാരും ബദ്ധവൈരികളുമായ ഈസ്റ്റ് ബംഗാളിനെയും വീഴ്ത്തി ഗോകുലം കേരളാ എഫ്സി കുതിപ്പു തുടരുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. ക്യാപ്റ്റൻ മുഹമ്മദ് ഇർഷാദ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് ഗോകുലം മൽസരം പൂർത്തിയാക്കിയത്.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ കട്സൂമി യൂസ നേടിയ പെനൽറ്റി ഗോളിൽ ലീഡ് നേടിയ ശേഷമാണ് ഈസ്റ്റ് ബംഗാൾ തോൽവി വഴങ്ങിയത്. ഗോകുലത്തിനായി കിവി ഷിമോനിയാണ് (51) ആദ്യ ഗോൾ നേടിയത്. മൽസരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, 87–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം സലാം രഞ്ജൻ വഴങ്ങിയ സെൽഫ് ഗോളാണ് ഗോകുലത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഹെൻറിയിൽനിന്ന് സൽമാൻ വഴിയെത്തിയ പന്തിൽ അർജുൻ തൊടുത്ത ഷോട്ട് രഞ്ജന്റെ കാലിൽത്തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.

വിജയത്തോടെ 14 മൽസരങ്ങളിൽനിന്നും 16 പോയിന്റുമായി ഗോകുലം കേരളാ എഫ്സി ഒരുപടി കൂടി കടന്ന് എട്ടാം സ്ഥാനത്തെത്തി. അതേസമയം, 15 മൽസരങ്ങളിൽനിന്ന് 26 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തു തുടരുന്നു. ഗോകുലത്തിനെതിരായ തോൽവിയോടെ അവരുടെ കിരീടസാധ്യതകൾക്കും മങ്ങലേറ്റു.