Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയക്കാർ ശത്രുക്കളല്ല; കൊലപാതകവും വികസനവും ഒന്നിച്ചു പോകില്ല: ഉപരാഷ്ട്രപതി

Venkaiah Naidu ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.

കോഴിക്കോട് ∙ രാഷ്ട്രീയക്കാർ പരസ്പരം ശത്രുക്കളല്ലെന്നും അവരവരുടേതായ ആശയസംഹിതയിൽ വിശ്വസിക്കുന്ന എതിരാളികൾ മാത്രമാണെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ജാതിയും മതവും രാഷ്ട്രീയവും നിറവും ഭാഷയുമൊക്കെ വ്യത്യസ്തമാണെങ്കിലും എല്ലാറ്റിനും ഉപരി എല്ലാവരും ഇന്ത്യക്കാരാണെന്നും പരസ്പര ബഹുമാനമാണു നമ്മുടെ സംസ്കാരമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യം മതനിരപേക്ഷമാണ്. അത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേട്ടമല്ല. മറിച്ച്, മതനിരപേക്ഷത ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതു കൊണ്ടാണ്. കശ്മീരിലെ ജനങ്ങളെ കുറിച്ചു കോഴിക്കോട്ടുകാർ ആശങ്കപ്പെടുന്നു, കന്യാകുമാരിക്ക് എന്തു സംഭവിച്ചുവെന്നു ശ്രീനഗറുകാർ ചോദിക്കുന്നു. ഇതാണ് ഇന്ത്യയുടെ പൊതുമനോഭാവവും സവിശേഷതയും.

ഏതൊരു രാജ്യത്തിന്റെയും പുരോഗതി അവിടത്തെ സമാധാന അന്തരീക്ഷത്തെ ആശ്രയിച്ചാണ്. കൊലപാതകവും വികസനവും ഒന്നിച്ചു പോകില്ല. അക്രമികൾ തകർക്കുന്നതു നമ്മുടെ രാജ്യത്തിന്റെ ഇഴയടുപ്പത്തെയാണ്. വെടിയുണ്ടകളേക്കാൾ ശക്തി വോട്ടുകൾക്കുണ്ടെന്നു മനസ്സിലാക്കണം. വെടിയുണ്ടകളുടെ ഭരണമൊക്കെ കാലഹരണപ്പെട്ടു. രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണ്. വരുന്ന ദശാബ്ദം ഇന്ത്യയുടേതാണ്. പുരോഗതി ഈ നിലയിൽ തുടർന്നാൽ ലോകത്തിലെ മൂന്നാമത്തെ വൻ ശക്തിയായി രാജ്യം ഉടൻ മാറമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് പി.എസ്.ശ്രീധരൻപിള്ളയുടെ അഭിഭാഷകവൃത്തിയുടെ 40–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

വികസനം സർക്കാരിന്റെമാത്രം ജോലിയല്ല

നാടിന്റെ വികസനം സർക്കാരിന്റെമാത്രം ജോലിയാണെന്ന ചിന്താഗതി മാറണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഫാറൂഖ് കോളജിന്റെ ഉപരിസഭയായ റൗസത്തുൽ ഉലൂം അസോസിയേഷന്റെയും അറബിക് കോളജിന്റെയും പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമടക്കമുള്ള മേഖലകളിലെ വികസനത്തിനായി സ്വകാര്യ വ്യക്തികളും മുന്നോട്ടുവരണം. ഫാറൂഖ് കോളജുപോലുള്ള സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സാമൂഹിക തിന്മകൾ ഇല്ലാതാക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്. ഇതിൽ പെൺകുട്ടികളുടെ  വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം. കാരണം ഒരു വനിതയെ പഠിപ്പിക്കുക എന്നുപറഞ്ഞാൽ ഒരു കുടുംബത്തെ പഠിപ്പിക്കുകയെന്നാണ്. മുസ്‌ലിം വിഭാഗത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ ആവശ്യകമായിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.