Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടാകത്തിൽ പൊങ്ങിയത് ആറു മൃതദേഹങ്ങൾ; ഒരു പിടിയും കിട്ടാതെ പൊലീസ്

Andhra-Lake തടാകത്തിൽ തിരിച്ചറിയപ്പെടാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഹൈദരാബാദ്∙ ദുരൂഹ സാഹചര്യത്തിൽ ആന്ധ്രപ്രദേശിലെ തടാകത്തിൽ അജ്ഞാത മൃതദേഹങ്ങൾ. കടപ്പ ജില്ലയിലുള്ള ഒൻടിമിട്ട എന്ന പ്രദേശത്തെ തടാകത്തിലാണു ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ടോടെയാണു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 

മേഖലയില്‍ രക്തചന്ദനം മുറിച്ചു കടത്തുന്നവർക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ശേഷാചലം വനത്തിൽ നടത്തിയ തിരച്ചിലിൽ അഞ്ചു പേരെ പിടികൂടുകയും ചെയ്തു. തമിഴ്നാട് സ്വദേശികളാണിവർ.

വെടിവയ്പിനെത്തുടർന്ന് ശേഷിച്ചവർ ചിതറിയോടുകയായിരുന്നു. എന്നാൽ തടാകത്തിൽ കണ്ടെത്തിയ ആരുടെയും ദേഹത്തു മുറിവുകളില്ലെന്നതു സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. അടുത്ത ദിവസങ്ങളിൽ തങ്ങൾ തിരച്ചിലുകളൊന്നും നടത്തിയിരുന്നില്ലെന്ന് കള്ളക്കടത്തുകാർക്കെതിരെയുള്ള സ്പെഷൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കുകയും ചെയ്തു. 

മൃതശരീരങ്ങളെല്ലാം 24 മുതല്‍ 48 മണിക്കൂർ വരെ പഴക്കമുള്ളതാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നാഗി റെഡ്ഡി പറഞ്ഞു. പരസ്പരം ഏറെ അകലെയായാണ് ഇവ കിടന്നിരുന്നത്. ജീർണിച്ച നിലയിലാണ് എല്ലാ മൃതദേഹങ്ങളും. അതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട് 30–40 വയസ്സു പ്രായമുള്ളവരുടെ മൃതദേഹങ്ങളാണിതെന്നാണു സൂചന.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും നാഗി പറഞ്ഞു. പൊലീസ് വെടിവയ്പിലല്ല ആറു പേരും കൊല്ലപ്പെട്ടതെന്നും നാഗി പറഞ്ഞു.