കാൺപുർ∙ വിവിധ ബാങ്കുകളെ കബിളിപ്പിച്ച് 800 കോടി രൂപ തട്ടിച്ച സംഭവത്തിൽ റോട്ടോമാക് പെൻ ഉടമ വിക്രം കോത്താരിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നു രാവിലെ കോത്താരിക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കോത്താരിയുടെ വീട്ടിലും ഓഫിസിലുമാണ് സിബിഐയുടെ പരിശോധന. കോത്താരി അറസ്റ്റിലായതായി ആദ്യം വാർത്തകൾ പുറത്തുവന്നെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യൂണിയൻ ബാങ്കിൽനിന്നു 485 കോടി രൂപയും അലഹാബാദ് ബാങ്കിൽനിന്നു 352 കോടിയും വായ്പയെടുത്ത വിക്രം കോത്താരി ഒരു വർഷം കഴിഞ്ഞിട്ടും പലിശയോ മുതലോ തിരിച്ചടച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം, കോത്താരിയുടെ സ്വത്തുവകകൾ വിറ്റു ബാങ്കിന്റെ തുക ഈടാക്കുമെന്ന് അലഹാബാദ് ബാങ്ക് മാനേജർ രാജേഷ് ഗുപ്ത പറഞ്ഞു.
കോത്താരി രാജ്യം വിട്ടുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ താൻ കാൺപുരുണ്ടെന്നും വിഷയത്തിൽ ബാങ്കുകളുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിൽനിന്നും കോത്താരി വായ്പയെടുത്തതായും പിടിഐ റിപ്പോർട്ട് ചെയ്തു.