സത്യം, സത്യനായിരുന്നു ക്യാപ്റ്റന്‍

വി.പി. സത്യൻ‌ (ഫയൽ ചിത്രം)

‘ഈ കടുംകൈ ചെയ്യുന്നതിൽ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നേക്കാം. അതുകൊണ്ട്, എന്നോടു ക്ഷമിക്കുക’ - ജീവിതം അവസാനിപ്പിക്കുന്നതിനു മുന്‍പ്, ഫുട്‌ബോൾ താരം വി.പി. സത്യൻ ഭാര്യയ്‌ക്ക് എഴുതിയ കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണു തുടങ്ങുന്നത്. സമയം 8.45 എന്നു രേഖപ്പെടുത്തിയ കത്ത് പല്ലാവരം സബർബൻ റയിൽവേ സ്റ്റേഷനില്‍നിന്നു പൊലീസാണ് സഹപ്രവര്‍ത്തകര്‍ക്കു നല്‍കിയത്. സുഹൃത്തും ഇന്ത്യൻ ബാസ്‌കറ്റ്ബോൾ ടീം മുൻ ക്യാപ്‌റ്റനുമായ ജയശങ്കർ മേനോന്‍ ശരീരം തിരിച്ചറിയുമ്പോള്‍ സത്യന്‍ മരണത്തിന്റെ ഗോള്‍വല കുലുക്കി മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. നാൽപത്തിയൊന്നാം വയസ്സിൽ ദാരുണമായ അന്ത്യം. സത്യന്റെ ജീവിതമാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന സിനിമയായി വെള്ളിത്തിരയില്‍ നിറഞ്ഞോടുന്നത്.

ഇന്ത്യന്‍ ഫുട്ബോളില്‍ പ്രതിരോധത്തിന്റെ വന്‍മതിലായിരുന്നു വി.പി.സത്യന്‍. ഒരിക്കല്‍ പതിവിലും പരുക്കനായി കളിക്കളത്തില്‍ നിറഞ്ഞ സത്യനോട് ശൈലീമാറ്റത്തെക്കുറിച്ചു സുഹൃത്തുക്കള്‍ സൂചിപ്പിച്ചു. ‘ഫൈനലെന്നാല്‍ ജീവൻമരണപ്പോരാട്ടമാണ്. നമ്മള്‍ ഒന്നയഞ്ഞാൽ എല്ലാം കൈവിട്ടുപോകും’ - സത്യന്‍ ചിരിയോടെ പറഞ്ഞു. കളിക്കളത്തിലെ ഉശിരും വീര്യവും പുറത്ത് സത്യന്റെ തുണയ്ക്കെത്തിയില്ല. കണിശമായ അച്ചടക്കത്തില്‍ കളിക്കളങ്ങളെ കയ്യടക്കിയ സത്യന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പതറി. കായികരംഗം നല്‍കിയ അവഗണനയില്‍ മനം നൊന്ത് വിഷാദരോഗത്തിലൂടെ മരണത്തിലേക്കു നടന്നടുത്തു. ഒരുതരം സെല്‍ഫ് ഗോള്‍.

ആരായിരുന്നു ഇന്ത്യന്‍ ഫുട്ബോളിനു സത്യൻ? ആരല്ലായിരുന്നു എന്നതാണ് മറുചോദ്യം. കണ്ണൂരില്‍വച്ചാണ് സത്യനിലെ കളിക്കാരന്‍ ജനിക്കുന്നത്. അച്ഛന്‍ ഗോപാലന്‍നായര്‍ പൊലീസിലായിരുന്നു. അച്ഛന്റെ ജോലിമാറ്റത്തിനനുസരിച്ചാണ് സത്യന്‍ കണ്ണൂരിലെത്തിയത്. കണ്ണൂരിലെ എആര്‍ ക്യാംപിലെ പൊലീസ് മൈതാനത്തിലൂടെ കുഞ്ഞ് സത്യന്‍ പന്തുരുട്ടി. കണ്ണൂർ ലക്കി സ്‌റ്റാറിലൂടെ മൽസരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. 1979 മുതൽ 83 വരെ ലക്കിയിൽ തുടർന്നു. പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ച സത്യനിലൂടെ കേരളത്തിലെ മികച്ച ക്ലബ്ബുകളുടെ നിരയിലേക്കു ലക്കി സ്‌റ്റാർ ഉയർന്നു. കേരള കൗമുദി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ സത്യന്‍ കേരള ടീമിലേക്കെത്തി.

സുഹൃത്തുക്കൾക്കൊപ്പം വി.പി. സത്യൻ (ഫയൽ ചിത്രം)

അക്കാലത്താണ് ഡിജിപി എം.കെ.ജോസഫ് മുൻകയ്യെടുത്ത് കേരള പൊലീസ് ടീം രൂപീകരിച്ചത്. സത്യനും ജോലിയായി. ഐ.എം. വിജയൻ, യു. ഷറഫലി, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു തുടങ്ങിയവരോടൊപ്പം സത്യനും ഹെഡ് കോൺസ്റ്റബിളായി. 1988 ൽ കേരള പൊലീസ് ഡൽഹിയിൽ അഖിലേന്ത്യാ പൊലീസ് ഗെയിംസിൽ ചാംപ്യൻമാരായപ്പോൾ നായകസ്ഥാനത്തു സത്യനായിരുന്നു. മികച്ച പ്രതിരോധ ഭടനായും ഹാഫ് ബാക്കായും നിർണായക ഘട്ടങ്ങളിൽ‌ കയറി ഗോളടിക്കുന്ന സ്ട്രൈക്കറായും തിളങ്ങിയ സത്യൻ പത്തു വർഷത്തോളം കേരള പൊലീസ് ജഴ്സി അണിഞ്ഞു. അവരെ ഫെഡറേഷൻ കപ്പ് ചാംപ്യൻ പദവിയിലേക്കു വരെ എത്തിച്ചു. ഡൽഹി ബിഎസ്എഫിനെതിരായ ഫൈനലിൽ നിർണായക ഗോളും സത്യന്റെ വകയായിരുന്നു.

സന്തോഷ്ട്രോഫി കപ്പിനും ചുണ്ടിനുമിടയിൽ കേരളത്തിനു നഷ്ടമായിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഏഴു വര്‍ഷമാണ് കേരളം  ഫൈനലില്‍ തോറ്റത്. കോയമ്പത്തൂർ‌ നാഷനലിൽ 1992ൽ ഗോവയെ മൂന്നു ഗോളിനു കേരളം തോൽപിച്ചു. 19 വർഷങ്ങൾക്കു ശേഷം കേരളത്തിലേക്ക് സത്യന്റെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി കൊണ്ടുവന്നു.  നായകനായ നാട്ടുകാരനു വലിയ സ്വീകരണമാണു മേക്കുന്നിലെ പൗരാവലി ഒരുക്കിയത്. അന്നു കണ്ണൂർ റയിൽവേ സ്‌റ്റേഷനിൽനിന്നു തുറന്ന വണ്ടിയിലാണു സത്യനെ നാട്ടുകാർ സ്വീകരണ സ്‌ഥലത്തേക്ക് ആനയിച്ചത്.

സന്തോഷ് ട്രോഫി നേടിയ കേരള ടീം (ഫയൽ ചിത്രം)

കളിക്കളത്തില്‍ സഹകളിക്കാര്‍ക്ക് ഒരു വിശ്വാസമായിരുന്നു സത്യന്‍. പ്രതിരോധത്തിലെ തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസം. ദക്ഷിണ കൊറിയയില്‍ പ്രീ വേൾഡ്കപ്പ് മത്സരം നടക്കുന്നു. മത്സരം കൊറിയയും ഇന്ത്യയും തമ്മില്‍. പ്രതിരോധനിരയില്‍ സത്യനില്ലെന്നറിഞ്ഞ ഇന്ത്യന്‍ ഗോളി കളിക്കാന്‍ തയാറായില്ല. അതായിരുന്നു സത്യനെന്ന വന്‍മതില്‍. പിന്‍നിരയില്‍ ആവേശമായി സത്യനുള്ളപ്പോള്‍ ഷറഫലിയും പാപ്പച്ചനുമെല്ലാം തീക്കാറ്റായി. കളിക്കളത്തിലും പിന്നീട് പരിശീലകനായപ്പോഴുമെല്ലാം ഈ വിശ്വാസം സത്യന്‍ കാത്തു.

നെഹ്‌റു കപ്പിൽ ഉൾപ്പെടെ 10 തവണ ക്യാപ്‌റ്റൻസ് ആം ബാൻഡ് അണിഞ്ഞ സത്യന് 1993ൽ ഇന്ത്യയിലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. സന്തോഷ് ട്രോഫി വിജയത്തിനു പിന്നാലെ കൊൽക്കത്തയിൽനിന്നു വലിയ ഓഫറെത്തി; മുഹമ്മദൻ സ്പോർട്ടിങ്ങിനു വേണ്ടി കളിക്കാന്‍. കരാര്‍ ഒപ്പു വച്ചെങ്കിലും കളിക്കാനായില്ല. പിറ്റേ വർഷം കേരള പൊലീസിൽത്തന്നെ തിരിച്ചെത്തിയ സത്യന് കൊൽ‌ക്കത്ത മോഹൻബഗാന്റെ ഓഫറെത്തി. ഫെഡറേഷൻ കപ്പിൽ ബഗാന്റെ വിജയത്തില്‍ ശ്രദ്ധേയമായ പങ്ക് സത്യന്റേതായിരുന്നു. ഒളിംപിക് ക്യാപ്റ്റൻ പി.കെ. ബാനർജിയുടെ ശിക്ഷണത്തിൽ ആ ഫുട്ബോളർ ഇന്ത്യൻ ടീമിലേക്കു നടന്നുകയറി. 1985ൽ തിരുവനന്തപുരത്ത് െനഹ്റു കപ്പ് മത്സരത്തിൽ ഇന്ത്യൻ കളർ അണിഞ്ഞു തുടങ്ങിയ അദ്ദേഹം 80 തവണയാണ് രാജ്യാന്തര തലത്തിൽ ബൂട്ട് കെട്ടി ഇറങ്ങിയത്. മലേഷ്യയിൽ നടന്ന മെർദെക്കാ ഫുട്ബോളിൽ ഇന്ത്യയെ സെമിഫൈനലിലെത്തിച്ച ലോങ്റേഞ്ചർ ഗോൾ‌ ആ ബൂട്ടിൽനിന്നായിരുന്നു. സാഫ് ഗെയിംസിലും (1987), ധാക്ക പ്രസിഡന്റ്സ് ഗോൾഡ് കപ്പിലും (1988) ഇന്ത്യൻ ജഴ്സി അണിഞ്ഞ അദ്ദേഹം, ലോകകപ്പ് യോഗ്യതാ റൗണ്ടിലും 1991ൽ പാക്കിസ്ഥാനിൽ നടന്ന സാർക്ക് ഗോൾഡ് കപ്പിലും കൊളംബോ, ധാക്ക, സാഫ് ഗെയിംസുകളിലും ഖത്തർ ഇൻഡിപെൻഡൻസ് കപ്പിലും നായകനായി. നാലു സാഫ് ഗെയിംസിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനായി അദ്ദേഹം. 

സത്യനും ഭാര്യ അനിതയും (ഫയൽ ചിത്രം)

പതിനഞ്ചു വർഷത്തോളം ഫുട്‌ബോൾ കളിച്ചു, കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി കളിച്ചു, ക്യാപ്റ്റനായി, പ്രശസ്തമായ ക്ലബ്ബുകളുടെ ഭാഗമായി,അതിനുവേണ്ടി പൊലീസിലെ ജോലി ഉപേക്ഷിച്ചു, എന്നിട്ട് എന്തു നേടിയെന്ന ചോദ്യം പലപ്പോഴായി സത്യനു മുന്നിലെത്തി.

കേരള പൊലീസിലുണ്ടായിരുന്നെങ്കിൽ ഡപ്യൂട്ടി കമൻഡാന്റ് റാങ്കിലെങ്കിലും സത്യൻ എത്തുമായിരുന്നു. അക്കാര്യത്തിലും നിർഭാഗ്യം സത്യനൊപ്പം നിന്നു. 1992 ൽ കേരളം കോയമ്പത്തൂരിൽ സന്തോഷ് ട്രോഫി നേടിയപ്പോൾ കളിക്കാർക്കു പ്രമോഷൻ ലഭിച്ചിരുന്നില്ല. 1993 ൽ കൊച്ചിയിൽ വിജയിച്ചപ്പോൾ സിഐ റാങ്കിലായിരുന്ന സത്യന് അസി. കമൻഡാന്റായി പ്രമോഷൻ ലഭിക്കേണ്ടതായിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം പൊലീസിലെ നക്ഷത്രങ്ങൾ വേണ്ടെന്നുവച്ചു മോഹൻബഗാനിലേക്കു പോയത്. പക്ഷേ, കൊൽക്കത്തയുമായി പൊരുത്തപ്പെട്ടു പോകാൻ സത്യനു കഴിഞ്ഞില്ല. കളിയിൽനിന്നു സത്യൻ ഒന്നും സമ്പാദിച്ചിട്ടില്ല; മുപ്പത്തഞ്ചാം വയസ്സിൽ നേടിയ ഒരു ബാങ്ക് ജോലി ഒഴികെ. 

സത്യന്റെ വിവാഹ ഫോട്ടോ (ഫയൽ ചിത്രം)

വിദേശ പര്യടനത്തിനു മുൻപ് ഒരു ജോടി ഷൂ വാങ്ങാൻ പോലും ഫുട്‌ബോൾ ഫെഡറേഷൻ പണം നൽകിയിട്ടില്ലെന്ന വേദന സത്യന്‍ അപൂര്‍വം ചില സുഹൃത്തുക്കളുമായി പങ്കുവച്ചു. ഒരുമിച്ചു കളി തുടങ്ങിയവരൊക്കെ കളം വിട്ടിട്ടും കരുത്തു ചോരാത്ത കാലുകളുമായി സത്യൻ കളം നിറഞ്ഞു. 2000 ൽ തിരൂരിൽ നടന്ന ഒരു അഖിലേന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിനിടയ്‌ക്കാണ് സത്യൻ കളി നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതായി പ്രഖ്യാപിച്ചത്. സത്യൻ എന്ന കോച്ച് -കം - ക്യാപ്‌റ്റന്റെ കീഴിൽ ചെന്നൈ ഇന്ത്യൻ ബാങ്ക് ആ കിരീടം നേടി. പതിവു പ്രാക്ടീസുകൾക്കു ശേഷവും ഗ്രൗണ്ടിൽനിന്നു കയറാതെ അധിക പരിശീലനം നടത്തി, പവർപ്ലേയ്ക്കു സന്നദ്ധനാവുന്ന പ്രഫഷനലായിരുന്നു അദ്ദേഹം; അക്കാരണത്താൽത്തന്നെ പരുക്കുകളുടെ ഇഷ്ടതോഴനും. ഇടതുകാലിനു പരുക്കേറ്റപ്പോഴും സ്റ്റീൽ റോഡിട്ട് കളി തുടർന്ന സത്യൻ പിൽക്കാലത്ത് ചെന്നൈയിൽ ഇന്ത്യൻ ബാങ്കിൽ ഉദ്യോഗം സ്വീകരിച്ച് അവരുടെ പരിശീലകനായി ഉയർന്നു. അക്കാലത്ത്, 2002 ൽ സ്റ്റീഫൻ കോൺസ്റ്റയിന്റെ കൂടെ തെക്കൻ കൊറിയയിൽ ഇന്ത്യൻ ടീമിന്റെ സഹപരിശീലകൻ എന്ന ദൗത്യവും നിർവഹിച്ചു. 

എങ്കിലും ചില നിർഭാഗ്യങ്ങൾ പിന്തുടരുന്നുണ്ടായിരുന്നു. ജി.വി.രാജാ അവാർഡടക്കമുള്ള പല ബഹുമതികളും ലഭിക്കുകയും ഇന്ത്യൻ ഫുട്ബോൾ നായകപദവി നൽകി ആദരിക്കുകയും ചെയ്തപ്പോഴും രണ്ടു പതിറ്റാണ്ട് പന്തു കളിച്ച, സി ലൈസൻസ് നേടിയ കോച്ച്കൂടിയായ ആ മലയാളി ഒരുതവണ പോലും അർജുന അവാർഡിനു പരിഗണിക്കപ്പെട്ടില്ല. ടീമുകൾ വിജയം വരിക്കുമ്പോഴും കളിക്കാർ ആദരിക്കപ്പെടാത്ത പരിഭവം സത്യന്‍ മറച്ചുവച്ചില്ല. പക്ഷേ അതു പരാതിയായി ആരോടും പറഞ്ഞില്ല.‘ മോട്ടോർ ബൈക്കിൽ പറപറക്കുന്ന ശീലക്കാരനായിരുന്ന സത്യൻ മരണത്തെ സ്വയംവരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല, മരിക്കുന്നെങ്കിൽ അത് മൈതാനത്ത് വീണിട്ടായിരിക്കണം എന്നു സത്യേട്ടൻ പറയാറുണ്ടായിരുന്നു’ - ജീവിതപങ്കാളി അനിത ചില അഭിമുഖങ്ങളില്‍ ഓര്‍ത്തെടുത്തു. 

സത്യന്റെ ഭാര്യ അനിത സത്യൻ (ഫയൽ ചിത്രം)

കോഴിക്കോട് കേന്ദ്രമായി കൊച്ചുകുട്ടികൾക്കായി അനിത ഒരു സോക്കർ സ്കൂൾ നടത്തുന്നുണ്ട്. സത്യന്റെ മരണത്തെത്തുടർന്ന് കേരള ഗവൺമെന്റ് അനിതയ്ക്കു സർക്കാർ ജോലി നല്‍കി. എൻജിനീയറിങ് ബിരുദധാരിയായിട്ടും ജില്ലാ സ്പോർട്സ് കൗൺസിലിലെ ക്ലാർക്ക് തസ്തികയിൽ മാത്രമേ അവരെ അധികൃതർ പരിഗണിച്ചുള്ളു. എങ്കിലും നിയമനം കോഴിക്കോട് പട്ടണത്തിലായതിനാൽ ഭർത്താവിന്റെ ഇഷ്ടവിനോദംകൂടിയായ ഫുട്ബോളിനു തന്നെ എന്തെങ്കിലും സംഭാവന അർപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു അവരുടെ നോട്ടം. അങ്ങനെയാണ് സത്യൻ‌ സോക്കർ സ്കൂള്‍ തുടങ്ങിയത്.

മിഠായി തെരുവിലെ രാധ തിയേറ്ററിലാണ് അനിത ‘ക്യാപ്റ്റന്‍ ’ സിനിമ കണ്ടത്. ‘സത്യേട്ടനെ വെള്ളിത്തിരയില്‍ കാണുന്നത് സന്തോഷകരമാണ് ഒപ്പം സങ്കടവും. സിനിമ ഇഷ്ടമാണ്, സ്വന്തം ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഉത്കണ്ഠയുമുണ്ട് ’ - സിനിമ കാണുന്നതിനു മുന്‍പായി അനിത പറഞ്ഞു. ‘നന്നായിട്ടുണ്ട് ’ - സിനിമ കണ്ടശേഷമുള്ള വിതുമ്പലില്‍ അനിതയ്ക്ക് മറ്റൊന്നും പറയാനായില്ല.