ബാങ്ക് ഇടപാടിൽ വഞ്ചന കാണിച്ചവരെ പിടികൂടും, അത് ഉത്തരവാദിത്തമാണ്: ജയ്റ്റ്ലി

അരുൺ ജയ്റ്റ്‌ലി

ന്യൂഡൽഹി∙ ബാങ്കിങ് സംവിധാനങ്ങളെ വഞ്ചിച്ചവരെ പിടികൂടുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. പഞ്ചാബ് നാഷനൽ ബാങ്കിൽ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി വ്യവസായി നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ജയ്റ്റ്ലിയുടെ പ്രസ്താവന.

തട്ടിപ്പു നടത്തിയവരെ പിടികൂടേണ്ടത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. ക്രമക്കേടുകൾ കണ്ടെത്താതെ പോയതിൽ ഓഡിറ്റേഴ്സിനു വലിയ വീഴ്ചയുണ്ടായി. ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെ ഈ മേഖലയിലുള്ളവർ ആത്മപരിശോധന നടത്തണം. ബാങ്കിങ് മേഖലയിൽ ക്രമക്കേടുകൾ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ബാങ്കിങ് സംവിധാനത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ എന്തുകൊണ്ടു സാധിച്ചില്ലെന്നു ഓഡിറ്റർമാർ സ്വയം വിലയിരുത്തണം. ക്രമക്കേടുകൾ തടയാൻ എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കണമെന്നതു സംബന്ധിച്ച് ബാങ്കിങ് മേഖലയിലെ നിരീക്ഷണ ഏജൻസികളുടെ നേതൃത്വത്തിൽ തീരുമാനമുണ്ടാകേണ്ടതുണ്ട്. ബാങ്കുകളിലെ ക്രമക്കേടുകൾ മുളയിലേ നുള്ളിക്കളയുക മാത്രമല്ല, അവ ആവർത്തിക്കുന്നില്ലെന്നും നിരീക്ഷണ വിഭാഗം ഉറപ്പാക്കണം. എന്നാൽ ഇക്കാര്യത്തിൽ പലപ്പോഴും മാനേജ്മെന്റ്തലത്തിൽ തന്നെ പാളിച്ചകളുണ്ട്. അതിനാൽ ക്രമക്കേടുകൾ നടത്തുന്നവരെ കണ്ടെത്താനാകുന്നില്ലെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.

നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായി. അതിനനുസരിച്ചു വരുമാനവും കൂടി. എന്നാൽ എല്ലാവരും നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.