Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്കൊടിപ്പൂരത്തിൽ സിപിഎം; ‘വല്യേട്ടനെ’ തോണ്ടി സിപിഐ

cpm-cpi-flags

തിരുവനന്തപുരം∙ സംസ്ഥാന സമ്മേളനത്തിൽ സിപിഎം നേതൃത്വം തൃശൂരില്‍ അണിചേരവേ ‘വല്യേട്ടനെ’ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. രാഷ്ട്രീയ ധാര്‍മ്മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് വിമര്‍ശനമുണ്ടായത്. മുന്നണി സംവിധാനത്തിന് അകത്തുനിന്ന് കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നത് നിലവാരമില്ലാത്ത രീതിയാണ്. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീർപ്പു ഫോര്‍മുലകൾ അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നു.

For more CPM State Conference News

ബുധനാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും ചര്‍ച്ചയ്ക്കു വച്ചു. കെ.എം. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നുവെന്ന സന്ദേശം ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകർക്കും നല്‍കിയശേഷം ആരോപണ വിധേയരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് മുന്നണിക്ക് അവമതിപ്പുണ്ടാക്കും.

മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ച സിപിഎമ്മില്‍ സജീവമാണ്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് മാണി വിഭാഗവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന ഇ.പി.ജയരാജന്റെ പരാമര്‍ശം എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണാമെന്നും സിപിഐക്കെതിരെ സിപിഎം ജില്ലാ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ മാണിക്കുള്ള വഴിയൊരുക്കലാണെന്നും വിമര്‍ശനമുണ്ടായി.

സിപിഐ മന്ത്രിമാരെക്കുറിച്ചും വിമര്‍ശനമുയര്‍ന്നു. പലരുടേയും പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. പാര്‍ട്ടി നിലപാടുകള്‍ മന്ത്രിസഭായോഗങ്ങളില്‍ വിശദീകരിക്കാന്‍പോലും മന്ത്രിമാര്‍ക്കാവുന്നില്ലെന്നും വിമര്‍ശനമുണ്ടായി. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്നും സിപിഐ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.